
കൊണ്ടുപോയത് എന്റെ ജീവിതമാണ്
കരിന്തിരി കത്തുന്ന നെയ്‌വിളക്കിലെ നാളം
എന്റെ ആത്മാവിനെ ചുട്ടു പൊള്ളിക്കുന്നു
ജീവിതം നീ എടുത്തുപോയപ്പോള്‍
എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്
മ്യതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി
ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം
മഞ്ഞ് പെയ്യാത്ത ഡിസംബര്‍
തണുത്തുറയാത്ത നെയ്യ്
നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാടകക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?…1993 ഡിസംബര്‍ 4
- നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല-
ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ…1992
- നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല-
കാറ്റ് ആഞ്ഞടിക്കുന്നു…
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു…
ഞാന്‍ ആളിപ്പടരുന്നു…
മുടികരിഞ്ഞ മണം,
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മാംസം,
ചിരിക്കുന്ന തലയോട്ടി,
ഞാന്‍ ചിരിക്കുന്നു…
സ്വന്തം വന്ധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു…
ഭ്രാന്തമായി…1985
- നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല-
വേദനയുടെ ചാലുകള്‍ കീറി
മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്
വിരിഞ്ഞൊരു താമരപ്പൂവ്;
തിരിച്ചറിവിന്റെ സന്തതി
മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍
മരണം.
പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്
ജ്വാല പകരുന്ന സൂര്യന്‍,
ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്.1993 June 26
- നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല-
ദാഹിക്കുന്നു…
നീട്ടിയ കൈക്കുടന്നയില്‍ തീര്‍ത്ഥമായി
ഒരു തുള്ളി കനിവ് നല്‍കുക,
കണ്ണുകളില്‍ പുഞ്ചിരി നിറച്ച്
നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്
വിഹ്വലതകള്‍ ഒപ്പിയെടുക്കുക.
സ്നേഹത്തിന്റെ കര്‍പ്പൂരം
കണ്ണുകളിലേക്ക് പകര്‍ന്ന് തന്ന്
പെയ്യാത്ത കണ്ണുനീര്‍ ചാലിട്ടൊഴുക്കുക
പെയ്തൊഴിയുന്ന അശാന്തിയാല്‍
ദാഹം ശമിപ്പിക്കാന്‍
വരിക നീ കണ്ണാ ദാഹിക്കുന്നു…1993
- നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല-
ഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം
തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്
എനിക്ക് ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.
ദാഹമകറ്റാന്‍ ഒരിറ്റ് ഗംഗാജലം
അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന
ചിന്തകളെ പുതപ്പിക്കാന്‍
എനിക്ക് വേണ്ടതൊരു മഞ്ഞപ്പട്ട്.
തല വെട്ടിപ്പൊളിക്കാതെ
ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍
നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം
എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍
അഗ്നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്
ജ്വലിക്കുന്നൊരു മനസ്സും.
കാറ്റും അഗ്നിയും ചേര്‍ന്നലിഞ്ഞ്
ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.
ആ ജ്വാലയാണിന്നെന്റെ സ്വപ്നം.1992
- നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല-
നീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ് മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.1986
- നന്ദിത ഈ കവിതക്ക് തലക്കെട്ട് ഇട്ടിരുന്നില്ല.
നിന്റെ മൂഢതയോര്‍ത്ത്
ലോകം അട്ടഹസിക്കുന്നു;
നിന്നെ ഭ്രാന്തിയെന്നു വിളിക്കുന്നു.
ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.
നിന്നെയവര്‍ കാണുന്നില്ല.
നീ അകലെയാണ്
ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്.
അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍
നീ അട്ടഹസിക്കുകയാണ്.
നിന്റെ മൂഢതയോര്‍ത്തല്ല;
അവരുടെ മൂഢതയോര്‍ത്ത്…
മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍
സ്നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട് പറഞ്ഞു.കാറ്റ് പൂക്കളോട് പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?ശൂന്യത സത്യമാണെന്നോ?
അരുത് എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്…കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക് തെറ്റുപറ്റി.
തിരക്കൊഴിഞ്ഞ രണഭൂമി
ആളൊഴിഞ്ഞ ശിബിരം
ഉടയുന്ന കുപ്പിവളകള്‍
മായുന്ന സിന്ദൂരം,
മണ്‍കുടം ഉടഞ്ഞു തെറിച്ച സ്നേഹം
വരണ്ട ഭൂമി നക്കിത്തുടയ്ക്കുന്നു.ചേലത്തുമ്പില്‍ ഉടക്കി നിന്ന
ഒരു പുഞ്ചിരി;
നനഞ്ഞ കണ്ണുകള്‍…
ചേലയുടെ നിറങ്ങളോടൊപ്പം
ഒരു യാത്രാമൊഴി കൂടി
വെളുപ്പില്‍ കുതിരുമ്പോള്‍
സ്നേഹം
ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
തുളസിയായി പുനര്‍ജ്ജനിയില്ലാതെ
മൂര്‍ച്ഛിക്കുന്നു.
ഞാന്‍ വീണ്ടും ഒറ്റയാവുന്നു.