Sunday, 20 September 2009

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-02

വിവാഹത്തിനുമുന്‍പ് നന്ദിതക്ക്, അവളുടെ കവിതകള്‍ക്ക് ചിലങ്കയണിയിച്ച ഒരു പ്രണയമുണ്ടായിരുന്നു. മതങ്ങളുടേയും, ബന്ധുക്കളുടേയും എതിപ്പുകള്‍ കാരണം ആ വിവാഹം നടക്കാതിരുന്നതിനാല്‍ നന്ദിത സ്വന്തം മാതാപിതാക്കളില്‍ നിന്നും അകന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അജിത് എന്ന കൂലിപണിക്കാരനെ നന്ദിത വിവാഹം കഴിച്ചത് അവരോടുള്ള പ്രതികാരമായ്‌ കാണേണ്ടിയിരിക്കുന്നു‍. "ഒരിക്കലും അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്. ഒരു വാശിതീര്‍ക്കലായി വേണം അതിനെ കാണാന്‍" എന്ന് നന്ദിതയുടെ കവിതകളുടെ മുഖവുരയില്‍ എഴുതിയിട്ടുള്ളതും, "അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല" എന്ന നന്ദിതയുടെ അമ്മ, പ്രഭാവതിയുടേയും വാക്കുകളും ഇതിന് അടിവരയിടുന്നു. വിവാഹത്തിന് മുമ്പ് തന്നെ, തന്നെകുറിച്ച് എല്ലാം തുറന്നു പറഞ്ഞിരുന്ന നന്ദിതയെ, അജിത്ത് ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നു. എന്നാല്‍ നന്ദിതക്ക് അജിത്തിനോടുണ്ടായിരുന്നത് സ്നേഹമോ അതോ പ്രണയ നഷ്ടത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാന്‍ കണ്ടത്തിയ കാമുകനോ? നന്ദിതക്ക് ഇതു രണ്ടുമായിരുന്നു അജിത്ത് എന്നുവേണം കരുതാന്‍.

നന്ദിത താങ്കളെ ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന്, കണ്ണില്‍ പടര്‍ന്ന നനവിനെ മറച്ചുകൊണ്ട്, "അവള്‍ക്ക് എന്നെ ജീവനായിരുന്നു, എന്നോളം അവള്‍ മറ്റാരയും സ്നേഹിച്ചിരുന്നില്ല" എന്ന മറുപടിയായിരുന്നു അജിത്തിന്. ജീവിതത്തില്‍ ഒരിക്കല്‍‌പോലും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിരുന്നില്ല എന്നും, വിവാഹത്തിനുമുന്‍പും ശേഷവും ഒരിക്കലും അവള്‍ തന്നോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലന്നും അജിത്ത് പറയുന്നു. അജിത്തിന്റെ പരിമിതികളേയും, ഇല്ലായ്മകളേയും അറിഞ്ഞ് എന്നും കൂടനിന്ന ഒരു ഉത്തമ ഭാര്യയായിരുന്നു നന്ദിത എന്ന് അജിത്ത് തന്നെ പറയുന്നു.

വിവാഹത്തിനു ശേഷം നന്ദിത മുട്ടില്‍, മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. സ്വന്തം വീട്ടിലേക്ക് നടന്ന് പോകാന്‍ മാത്രം ദൂരമേയുള്ളൂ എന്നിരിക്കിലും എന്നും അജിത്തിന്റെ വീട്ടില്‍ നിന്നാണ് നന്ദിത ജോലിക്ക് പോയി വന്നിരുന്നത്. ഇതിനിടയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് നന്ദിത അജിത്തിനെയും കൂട്ടി ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് പോയി. ആരയക്കയോ തോല്പിച്ച ഒരു വിജയീ ഭാവം അന്ന് അവളുടെ മുഖത്ത് നിഴലിച്ചിരുന്നു. ഒടുത്തൊരുങ്ങുന്നതില്‍ അധികം താല്പര്യം ഇല്ലതിരുന്ന അവള്‍ അന്ന് നന്നായ് അണിഞ്ഞൊരുങ്ങി, എങ്ങനെയുണ്ട് എന്ന് അജിത്തിനോട് അഭിപ്രായവും ആരാഞ്ഞ്, സീമന്ത രേഖയില്‍ സുന്ദൂരവുമണിഞ്ഞ് സന്തോഷവതിയായാണ് അജിത്തിനൊപ്പം പോയത്. ബൈക്കില്‍ നന്ദിതയെ വീടോളം കൊണ്ടുവിട്ടിട്ട് അവള്‍ വരുന്നതും കാത്ത് അജിത് ഗേറ്റില്‍ കാത്തു നിന്നു. വീട്ടിലേക്ക് ക്ഷണിക്കപ്പെടാഞ്ഞതിനാല്‍ നന്ദിതയും അജിത്തിനെ നിര്‍ബന്ധിച്ചില്ല. മരുമകന്‍ ഗേറ്റില്‍ കാത്തു നില്‍ക്കുന്നു എന്നറിയുമ്പോള്‍ മാതാപിതാക്കള്‍ അജിത്തിനെ വീട്ടിലേക്ക് ക്ഷണിക്കുമന്ന് അവള്‍ വൃഥാ പ്രതീക്ഷിച്ചിട്ടുണ്ടാവാം. തന്റെ ഭര്‍ത്താവിനെ ക്ഷണിക്കപ്പെടാത്ത വീട്ടിലേക്ക് പിന്നീട് പോകാന്‍ നന്ദിതയും ഇഷ്ടപ്പെട്ടില്ല. എന്നാല്‍ എപ്പോള്‍ പോകണമന്നു തോന്നിയാലും ഞാന്‍ കാരണം പോകാതിരിക്കേണ്ട എന്നു അജിത്ത് പറഞ്ഞതനുസരിച്ച് ഇടക്കൊക്കെ നന്ദിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ ഒരിക്കല്‍ പോലും ക്ഷണിക്കപ്പെടാതിരുന്നിട്ടും, നന്ദിത വരുന്നതും കാത്ത് അജിത്ത് ബൈക്കുമായ് ഗേറ്റില്‍ തന്നെ കാത്തു നിന്നു. അതില്‍ ഒരു പാട് വേദനിച്ചിരുന്ന നന്ദിത പിന്നീട് ഒറ്റക്കാണ് വീട്ടില്‍ പോയിരുന്നത്.

അജിത്തിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ പച്ച കല്ലു വച്ച ഒരു നാഗപട താലി വേണമന്ന ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തികമായ് ഞെരുക്കത്തിലായിരുന്ന അജിത്ത്, തനിക്ക് വിവാഹ സമ്മാനമായ് ലഭിച്ച മോതിരം അഴിച്ചു പണിത് നന്ദിതയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. വിവാഹത്തിന് വാങ്ങി നല്‍കിയ പച്ച പട്ടുസാരി ഞൊറിവിട്ടുടുത്ത് , പച്ചകല്ലു വച്ച നാഗപട താലിയും അണിഞ്ഞ് സന്തോഷവതിയായ് തന്റെ മുന്നില്‍ വന്ന നന്ദിത ഇന്നും അജിത്തിന്റെ കണ്ണിലുണ്ട്. നാട്ടില്‍ സ്വന്തമായ് ഒരു ജോലി കണ്ടെത്താന്‍ കഴിയാതിരുന്ന അജിത്ത്, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കൊടുവില്‍ ഗള്‍ഫില്‍ പോകാനായ് ബോംബയിലേക്ക് വണ്ടി കയറി. എന്നാല്‍ വിസ സംബന്ധമായ ചില സാങ്കേതിക കാരണങ്ങളാല്‍ അജിത്തിന് രണ്ടുമാസത്തോളം ബോംബയില്‍ തന്നെ തങ്ങേണ്ടിവന്നു. അജിത്ത് നാട്ടിലില്ലാതിരുന്ന ആ ദിവസങ്ങളില്‍ എല്ലാ വെള്ളിയാഴ്ചകളിലും കോളജില്‍ നിന്നും നന്ദിത സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കോളജില്‍ നിന്നും വീണ്ടും ചീരാലിലെ അജിത്തിന്റെ വീട്ടിലേക്ക്.

3 comments:

  1. നന്ദിതക്ക് അജിത്തിനോടുണ്ടായിരുന്നത് സ്നേഹമോ അതോ പ്രണയ നഷ്ടത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാന്‍ കണ്ടത്തിയ കാമുകനോ?

    ReplyDelete
  2. nandita oru vishudda pushpam ayirunooo...
    atoo snehikkunavaree ellam vedanipikkunnaoru sadist ohhh...entayirunnu nanditaaa????

    oru dipression tablet innu rakshikkan pattumayidunna janmam..... avarkku vendatu
    oru nalla councelling ayirunillee... ??//

    ReplyDelete