Thursday, 11 August 2011

നന്ദിത-മരണത്തിന്റെ ഈറൻ വയലറ്റ് പൂക്കൾ തേടിപോയ പ്രണയിനി

പ്രണയവും വിരഹവും, ശക്തമായ കാവ്യഭാഷയുടെ പട്ടുനൂലിനാൽ ബന്ധിച്ച് സ്വന്തം ഡയറിതാളുകളിൽ കുത്തികുറിച്ചുവച്ച് പ്രണയത്തിനു വേണ്ടി മരണത്തിന്റെ ഈറൻ വൈലറ്റ് പൂക്കൾ തേടിപോയ നന്ദിത. ഉള്ളിൽ ആളികത്തുന്ന പ്രതികാരവും നഷ്ടപ്പെടുത്താൻ കഴിയാത്ത ഭ്രാന്തമായ പ്രണയവും ഒടുവിൽ കൊണ്ടെത്തിച്ചത് ഗൂഡമായ അഖാഡകളിൽ നിന്ന് ഇറങ്ങിവരുന്ന തണുത്തുറഞ്ഞ മഞ്ഞുമാസങ്ങളുടേയും വർഷങ്ങളുടേയും കണക്കെടുക്കാ മരണത്തിന്റെ മാസ്മരികമായ അനന്തതയിലേക്ക്. പ്രണയം വിരഹം വിഷാദം പ്രതികാരം-ഈ നാലുവികാരങ്ങളുടെ പ്രക്ഷുബ്ദമായ ഇരുണ്ട നിലവറകൾക്കുള്ളിലേക്ക് മാത്രമായ് നന്ദിത എന്നാണ് ചുഴറ്റി എറിയപ്പെട്ടത്? ചികഞ്ഞു നോക്കുമ്പോൾ നന്ദിതയുടെ കഥതുടങ്ങുന്നത് കലാലയ ജീവിതത്തോടുകൂടിയാണ്‌. കേരളത്തിലെ മറ്റേതു ശരാശരി പെൺകുട്ടികളേയുമ്പോലെ സാധാരണമായിരുന്നു നന്ദിതയുടെ ബാല്യവും കൗമാരവും. പ്രീഡിഗ്രി (പ്ളസ്-ടു)കാലയളവിൽ നിറമുള്ള കലാലയ ജീവിതം ആസ്വദിച്ച നന്ദിത ബിരുദത്തിനു ചേർന്നതോടുകൂടി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് സ്വയം തീർത്ത മൗനത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ടുതുടങ്ങി. ഹോസ്റ്റൽ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് നന്ദിത തന്റെതായ പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഗോപ്യമായ ഒരു ലോകം തീർത്തെടുക്കാൻ തുടങ്ങി. അവിടെ തുടങ്ങുന്നു യഥാർത്ഥ നന്ദിതയുടെ കഥ.

കോഴിക്കോട് ഫറൂക്ക് കോളജിന്റെ ഹോസ്റ്റസ്റ്റൽറൂമിലിരുന്ന് പ്രണയത്തിന്റെ മേച്ചില്പുറങ്ങൾ തേടുമ്പോൾ, ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (Bipolar Affective Disorder or Manic-Depression) എന്ന മാനസികരോഗത്തിലേക്ക് താൻ വഴുതി വീഴുകയാണന്ന് നന്ദിതപോലും അറിഞ്ഞിരുന്നില്ല. ഒരുപക്ഷേ കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസറായ ഡോ. കെ. ബൈജു തന്റെ ലേഖനത്തില്‍ നന്ദിതയുടെ മാനസികാവസ്ഥാന്തരങ്ങളെകുറിച്ച് വെളിപ്പെടുത്തുംവരെ നന്ദിതയുടെ സുഹ്യത്തുക്കളോ ബന്ധുക്കളോപോലും അത് മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറി മനസ്സിനെ കീഴ്പ്പെടുത്തുന്ന സങ്കീർണ്ണമായ ഈ അവസ്ഥ ആരിലും മാനസികരോഗമന്ന ഒരു ചിന്തയെ ജനിപ്പിക്കില്ല. അതുതന്നയാണ്‌ ഈ അവസ്ഥയുടെ ഭീകരതയും. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരമായ കാര്യങ്ങൾ പോലും എഴുതി നിറക്കുകയും, എന്ത് സാഹസിക പ്രവർത്തിയും ചെയ്യാനുള്ള ധൈര്യവും തന്റേടവുമുള്ള ഉന്മാദ അവസ്ഥയും, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ആരോടും സംസാരിക്കാതെ മൗനത്തിന്റെ അഗാധതയിലേക്ക് ചേക്കേറുന്ന വിഷാദാവസ്ഥയും ഇവരില്‍ കാണുന്ന സവിശേഷതയാണ്. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും കടുത്തപക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കുകയോ അപമാനപ്പെടുത്തുകയോ അല്ലങ്കിൽ സ്വയം ശിക്ഷിച്ച് പ്രതികാരത്തിന്റെ ഉൾത്തടങ്ങളിലൂടെ ഊളിയിട്ട് മരണത്തിന്റെ ഈറൻ വൈലറ്റുപൂക്കൾ തേടിപോകുകയോ ചെയ്യുന്നവരായ് തീരുന്ന വളരെ അപകടകരാമായ ഒരു അവസ്ഥയിലേക്ക് ഇവർ എത്തിപ്പെടുന്നു. ഫറൂക്കിലെ കലാലയജീവിതത്തിനിടയിൽ മൊട്ടിട്ട ജീവിതത്തിലെ ആദ്യ പ്രണയം നഷ്ടപ്പെടുത്തേണ്ടിവന്ന കാലം മുതൽ നന്ദിതയില്‍ ഈ നാല് അവസ്ഥകളും മാറിമാറി വന്നുകൊണ്ടിരുന്നു. രാവെളുക്കോളം ഉറക്കമൊഴിച്ചിരുന്ന് ഒരോന്നു കുത്തിക്കുറിച്ചതും, മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കടിച്ചതും, കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിട്ടതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.

1994-ല്‍ വിവാഹത്തോളമെത്തിയ അന്യമതസ്ഥനുമായുണ്ടായിരുന്ന പ്രണയത്തിന്റെ പേരിൽ അച്ഛനുമായ് വഴക്കിട്ട നന്ദിത ചിരാലിലെ തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് ഭാണ്ഡം മുറുക്കി പോവുകയായിരുന്നു. തന്നെയും തന്റെ പ്രണയത്തെയും അംഗീകരിക്കാത്ത അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു വീടുവിട്ടുള്ള ആ ഇറങ്ങിപോക്കും എല്ലാവരെയും ധിക്കരിച്ചുകൊണ്ട് അതിസാഹസികാമാം വിധത്തിൽ അച്ഛന്റെ കീഴ്‌ജീവനക്കാരന്റെ വിദ്യാഭ്യാസമോ ജോലിയോ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത മകനുമായുള്ള പിന്നീടുണ്ടായ പ്രണയവും വിവാഹവും. പലരും കരുതുമ്പോലെ അജിത്തിനെ കണ്ടുമുട്ടിയ ശേഷം നന്ദിത കവിതകൾ എഴുതിയിരുന്നില്ല എന്നത് തികച്ചും ശരിയല്ല. അജിത്തിന്റെ വീട്ടിലായിരിക്കുമ്പോഴും ഡയറിതാളുകളിൽ ഏകാന്തമായിരുന്ന് ചിലപ്പോൾ വളരെ ശാന്തമായും മറ്റുചിലപ്പോൾ തികച്ചും വന്യമായും നന്ദിത പലതും കുത്തികുറിച്ചിരുന്നു. അജിത്തുമായ് പ്രണയത്തിലായിരുന്ന നാളുകളിൽ ഫറൂക്ക് കോളജിൽ ജോലി നോക്കിയിരുന്ന നന്ദിത
വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ടുഴറുമ്പോഴും ഉറക്കമൊഴിച്ചിരുന്ന് അജിത്തിനെഴുതിയ കവിതകളേക്കാൾ മനോഹരമായ പ്രണയലേഖനങ്ങളിൽ സിംഹഭാഗവും നന്ദിതയുടെ മരണശേഷം അഗ്നിക്കിരയാക്കി. നന്ദിതയുടെ ചില ഡോക്യുമന്റ്സുകളും കവിതകളും പ്രണയലേഖനങ്ങളും മരണശേഷവും ബാങ്ക് ലോക്കറിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അതിനൊക്കെ എന്തു സംഭവിച്ചു എന്ന് അറിയേണ്ടിയിരിക്കുന്നു. നന്ദിതയുടെ മരണശേഷം ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയ അജിത്ത്, പ്രായമായ അമ്മയെ നോക്കാനും വീട് സംരക്ഷിക്കാനും ആരും ഇല്ലാത്ത അനാഥമായ അവസ്ഥയിൽ പലരുടേയും നിർബന്ധങ്ങൾക്ക് വഴങ്ങി അടുത്ത കാലത്ത് വിവാഹിതനായതോടെ വീടിന്റെ തട്ടിൻപുറത്തേക്ക് മാറ്റിയ നന്ദിതയുടെ ശേഷിപ്പുകൾ ചിതലരിക്കുകയോ ചാമ്പലാകുകയോ ചെയ്തിട്ടുണ്ടാകണം. പക്ഷേ അവരുടെ അപൂർവ്വമായ ഫോട്ടോകളും വിവാഹ ആൽബവും ഇന്നും അജിത്തിന്റെ കിടപ്പറയിൽ ഭദ്രമാണ്.

(നന്ദിത ഒരിക്കൽ ഈ വീട്ടിൽ ജീവിച്ചിരുന്നു: ചിത്രം ഡോ. പ്രശാന്ത് ആർ ക്യഷ്ണ)

.

Sunday, 7 November 2010

നരച്ച കണ്ണുകളുള്ള പെൺകുട്ടി

നരച്ച കണ്ണുകളുള്ള പെൺകുട്ടി
സ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്
അവൾ പൂപ്പാത്രമൊരുക്കി.
പൂക്കളടർന്നുണങ്ങിയ തണ്ടിന്‌
വിളർത്ത പൗർണ്ണമിയുടെ നിറം,
അവളുടെ കണ്ണുകൾക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളിൽ
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വർണ്ണ മത്സ്യങ്ങളെ നട്ടുവളർത്തി-
യവൾ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോർമ്മകളിൽ
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോർന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതിൽപ്പാളികൾക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുൽകാൻ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളിൽ
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വർണ്ണ മത്സ്യങ്ങൾ
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവൾക്ക് കൂട്ട്


-1992-

Friday, 5 November 2010

വീണ്ടും മൗനം ബാക്കി

കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,
നിശ്ചലമാകുന്നു

വീണ്ടും മൗനം ബാക്കി

ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ
കണ്ണുനീര്‌ കൊണ്ട് കഴുകി
ചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്‌?
യോഹന്നാന്റെ ശിരസ്സിനുവേണ്ടി ഉറഞ്ഞുതുള്ളുന്നതും
അവളല്ലയോ?
അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്
നേർത്ത തേങ്ങലായ്
കാതുകളിൽ ചിലമ്പുന്നു

കൽക്കിക്കു ശേഷം
ഇനിയാരെന്നറിയാതെ, കാത്തിരിക്കാതെ
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു
നിശബ്ദം, ആരുടേയും ഉറക്കം കെടൂത്താതെ
ഇനി ദൈവ്വപുത്രനെത്തുമെന്നോർത്ത്
സ്വപ്നങ്ങളെ മാടി വിളിക്കുമ്പോഴും
ഞാനുറങ്ങാതെ കാത്തിരിക്കാം.
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ്മയുമായി
വേനലുകളുടേയും വർഷങ്ങളുടേയും കണക്കെടുക്കാതെ
ഇനിയെത്തുന്നത് ദൈവ്വപുത്രനാവുമന്ന് വെറുതെ ആശിച്ച്
ഞാനുറങ്ങാതെ കാത്തിരിക്കാം


-1992-

Wednesday, 3 November 2010


നന്ദിത ഫറൂക്ക് കോളജിൽ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തിൽ തന്റെ സ്വകാര്യ ഡയറിയിൽ കുറിച്ചിട്ട ചില ഭ്രാന്തൻ വരികൾ

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു


-1988-

Saturday, 7 November 2009

പ്രണയത്തെ പ്രണയിച്ച പ്രണയം-അജിത്

തണുത്തുറഞ്ഞ താഴ്വാരം തേടിപോയ നീ
കൊണ്ടുപോയത് എന്റെ ജീവിതമാണ്
കരിന്തിരി കത്തുന്ന നെയ്‌വിളക്കിലെ നാളം
എന്റെ ആത്മാവിനെ ചുട്ടു പൊള്ളിക്കുന്നു

ജീവിതം നീ എടുത്തുപോയപ്പോള്‍
എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്‌
മ്യതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി
ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം

Thursday, 24 September 2009

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-04

മരണശേഷം നന്ദിതയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അജിത്ത് ചോദിക്കുന്നു. അജിത്തിന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ശ്രീലതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത നന്ദിത തന്റെ പഴയ ഡയറിയില്‍ അജിത്ത് കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍.

1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ നന്ദിതയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 1994-ല്‍ അജിത്തിനെ കണ്ടശേഷം നന്ദിത എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 1993-നു ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും, നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും അവരുടെ കല്ല്യാണ ആല്‍ബവും ഇന്നും നെഞ്ചോടടുക്കി വച്ചിരിക്കുന്ന അജിത്തിന്റെ ജീവിതം എന്നെ വിസ്മയം കൊള്ളിച്ചു. ഒരു ആര്‍ത്ത നാദമായ് ജ്വലിച്ചമര്‍ന്ന ഷൈന അവശേഷിപ്പിച്ചുപോയ കഥകള്‍ക്കിടയില്‍ കഥയില്ലതെപോയവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കീര്‍, ഷൈനയുടെ ചരമവാര്‍ഷികത്തിനും മാസങ്ങള്‍ക്ക് മുന്‍പേ വിവാഹിതനായപ്പോള്‍, ഒരു കുഞ്ഞുപോലും ബാധ്യതയായി ഇല്ലാതിരുന്നിട്ടും നീണ്ട പത്തു വര്‍ഷങ്ങള്‍ ഒറ്റക്ക്, സ്വയം ഇല്ലാതായും, ഇല്ലാതാക്കിയും ജീവിച്ച അജിത്ത് നന്ദിതയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്, ഇന്നും അവളെ കുറിച്ചോര്‍ക്കുമ്പോള്‍ അയാളുടെ കണ്ണില്‍ പടരുന്ന നനവില്‍ നിന്നും വായിച്ചെടുക്കാം. കാപട്യമോ, നിഗൂഡതകളോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍. നന്ദിതയുടെ മരണത്തിനു ശേഷം ഇഞ്ച് ഇഞ്ചായി സ്വയം കൊന്നു ജീവിക്കയാണ് ഒരോ നിമിഷവും അയാള്‍. ഭാവിയും ഭൂതവും അയാള്‍ക്കില്ല. സ്വയം ഇല്ലാതാകാന്‍ ആഗ്രഹിച്ചിട്ടും, മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചിട്ടും മരണം അയാളെ കീഴ്‌പെടുത്താതിരുന്നത് ഒരു പക്ഷേ അയാളുടെ നിഷ്‌കളങ്കത കൊണ്ടുമാത്രമാവും. മരണത്തിനുകാത്ത് ഇലക്ട്രിക് ലൈനില്‍ കടിച്ച് പിടിച്ച് വെള്ളത്തില്‍ കിടന്ന ആ നിമിഷങ്ങളില്‍ തലച്ചോറില്‍ കട്ടപിടിച്ച രക്തം ഏതു സമയവും അജിത്തിന്റെ ജീവനെടുത്തുവന്നു വരാം. അതേ പറ്റി നല്ല വണ്ണം ബോധവാനായ അജിത്തിനോട്, ഏതങ്കിലും നല്ല ഒരു ഡോക്ടറെ കണ്ട് ചികില്‍സിപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന ഒരു നിസംഗതയായിരുന്നു.

നന്ദിതയുടെ കൈപ്പടയും ഏതങ്കിലും ചിത്രവും ഒന്നു കാണാന്‍ കഴിയുമോ എന്ന്, എന്നെ കൂട്ടികൊണ്ടുപോയ, അജിത്തിന് വളരെ അടുപ്പമുള്ള സുഹ്യത്ത് ചോദിച്ചപ്പോള്‍, അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി, മേശയുടെ വലിപ്പ് തുറന്ന്, അടുക്കിവച്ച കത്തുകള്‍ക്കിടയില്‍ നിന്നും, പത്ത് ഫുള്‍ പേജ് നീണ്ട ഒരു പ്രണയ ലേഖനവും, കല്ല്യാണ ആല്‍ബവും കാണിച്ചു തന്നു. അതിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിച്ചങ്കിലും, ഇന്നോളം ഒരു മീഡിയയ്ക്കും നല്‍കാതെ സ്വകാര്യമായ് സൂക്ഷിക്കുന്ന ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളും പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവയൊക്കെ സ്വകാര്യമായ് എനിക്ക് വേണ്ടി മാത്രം അവള്‍ എഴിതിയവയാണ്, അത് വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയായിരുന്നു. നന്ദിതയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, വര്‍ഷങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള നന്ദിതയുടെ സ്നേഹത്തെ ഓര്‍ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്‍ഭുതമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
തുടരും.....

Monday, 21 September 2009

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-03

നന്ദിത മരിക്കുന്നതിന്, രണ്ടാഴ്ചമുന്‍പ് അവള്‍ ബോംബയില്‍ അജിത്തിന്റെ അടുത്തേക്കുപോയി. അപ്പോള്‍ അജിത്തിന് ഇഷ്ടമുള്ള സിഗരറ്റും, ദിനേശ് ബീഡിയും, സീസണല്ലാത്തതിനാല്‍ ലഭ്യമല്ലാതിരുന്നിട്ടും, കൂട്ടുകാരിയും ഓര്‍ഫനേജ് കോളജിലെ മലയാളം അധ്യാപികയുമായ ശ്രീലതയെയും കൂട്ടി നാടുനീളെ അലഞ്ഞ് മുത്താരം പൊടിയും ഒക്കെ അവള്‍ കൂടെ കരുതിയിരുന്നു. ബോംബയിലെ ദിവസങ്ങള്‍ ഒരുപാട് സന്തോഷത്തോടയായിരുന്നു അവള്‍ ചിലവിട്ടതന്ന് അജിത്ത് ഓര്‍ക്കുന്നു. ബോംബയില്‍ നിന്നും തിരികെ മടങ്ങും മുന്‍പ് നഗരം ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം ദാദറിലെ മുന്തിയ ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അജിത്ത് വാങ്ങികൊടുത്തു. അന്ന് വാങ്ങിയ ഒരു ചുരിദാറിന് ഇണങ്ങുന്ന ഷാള്‍ പത്തുകിലോമീറ്ററുകള്‍ ദൂരയുള്ള മറ്റൊരു ഷോപ്പിങ് മാളില്‍ പോയാണ് അവര്‍ വാങ്ങിയത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോട് അത്ര കമ്പമില്ലായിരുന്നങ്കിലും, ദിവസവും രണ്ടുതവണയങ്കിലും ലാക്ടോ കലാമിന്‍ ഉപയോഗിക്കുമായിരുന്ന നന്ദിതക്ക് പലതരത്തിലും സുഗന്ധത്തിലുമുള്ളവ അജിത്ത് വാങ്ങി നല്‍കി. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്‍കി നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.

പൊതുവേ പ്രണയ രോഗികളില്‍ സാധാരണമന്ന് പറയപ്പെടുന്ന ആമവാതം അവസാനനാളുകളില്‍ നന്ദിതയെ കലശലായ് അലട്ടിയിരുന്നു. നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള്‍ പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമെന്ന്. അന്നു രാത്രി വൈകിവന്ന ഫോണ്‍കോള്‍ ആരുടേതായിരുന്നു?. അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്‍കോള്‍ ആരുടേതായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ. എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം?. അതുമായ് അവസാനത്തെ ഫോണ്‍കോളിനു ബന്ധമുണ്ടോ? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്‍കോള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു?. എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്‍കോള്‍ അവള്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമന്ന് നിര്‍ബന്ധം പിടിച്ചതും, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും? ആ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്‍ഷത്തിലായിരുന്നു. കൂട്ടിലിട്ട വെരുകിനെപോലെ ബാല്‍‌കണിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള്‍ പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍‌കിയ ഷോളില്‍ ബാല്‍‌കണിയില്‍ നിന്നും തൂങ്ങി നില്‌ക്കുന്നു. പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.

അജിത്തിനെ കണ്ടതിനു ശേഷം ഒരിക്കലും നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം ധരിക്കാന്‍. എന്നാല്‍ ചിരാലില്‍ ചിലവഴിച്ച അവധിക്കാലത്തിനു ശേഷം കോഴിക്കോട് ഫറൂക്കില്‍ അധ്യാപികയായ നന്ദിത, ദിവസവും അജിത്തിന് പ്രണയ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫോണും, മൊബൈലും ഒന്നും സാധാരണമല്ലാതിരുന്നതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു ഏക ആശ്രയം. വടിവൊത്ത അക്ഷരത്തില്‍, പേജുകളോളം നീളമുള്ളവയായിരുന്നു ആ കത്തുകള്‍. എങ്ങനെ ഇത്രത്തോളം നീണ്ട പ്രണയ ലേഖനങ്ങള്‍ തുടര്‍ച്ചയായ് എഴുതാന്‍ കഴിയുന്നുവന്ന് അജിത്ത് അല്‍ഭുതപ്പെട്ടിരുന്നു. ആ കത്തുകളില്‍ പലതും ഇന്നും അജിത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. നന്ദിതയുടെ മരണത്തിനു മുന്‍പ് അവള്‍ കവിത എഴുതിയിരുന്നുവന്ന് അജിത്ത് പോലും അറിഞ്ഞിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ പലപ്പോഴും പേനയും ബുക്കുമായ് വിദൂരതയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നത് അജിത്ത് ഓര്‍ക്കുന്നു. എന്നാല്‍ ഒരിക്കലും ഒന്നും എഴുതി കണ്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്ത അജിത്ത് അതിലൊന്നും ശ്രദ്ധിച്ചുമില്ല. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നന്ദിതയുടെ കവിതകള്‍, അവളുടെ മുഖചിത്രതോടുകൂടി പല പുസ്തകശാലകളിലെയും ചില്ലലമാരയില്‍ ഇരിക്കുന്നത് കണ്ടിട്ടും ഒരിക്കല്‍ പോലും അതൊന്ന് മറിച്ചു നോക്കാന്‍ അജിത്ത് ഇഷ്ടപ്പെട്ടില്ല എന്നതില്‍നിന്നും കവിതകളോടുള്ള അജിത്തിന്റെ ബന്ധം മനസ്സിലാക്കാം. എന്തുകൊണ്ട് ഒരു കോപ്പി വാങ്ങിയില്ല, വെറുതേ ഒന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ല എന്ന ചോദ്യത്തിന് അത് കാണാനുള്ള ശക്തിയില്ല, എനിക്ക് നഷ്ടമാകേണ്ടത് എന്നേ നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് കണ്ണില്‍ ഊറികൂടിയ നനവിനെ മറച്ചുകൊണ്ട് മുഖം തിരിച്ച് വിദൂരതയിലേക്ക് കണ്ണു നട്ടു. മുട്ടില്‍ ഓര്‍ഫനേജ് കോളജില്‍ ലീവ് വേക്കന്‍സിയില്‍ പകരക്കാരിയായ് ജോലി ചെയ്തിരുന്ന നന്ദിതക്ക് ശമ്പളം ക്യത്യമായ് കിട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ നല്ലൊരു തുക കോളജില്‍ നിന്നും ശമ്പളയിനത്തില്‍ നന്ദിതക്ക് കിട്ടാനുണ്ടായിരുന്നു. അത് കൈപ്പറ്റുവാന്‍ അജിത്തിന്റെ പേരില്‍ അധികാരപത്രം എഴുതി നല്‍കിയിരുന്നു നന്ദിത. എന്നാല്‍ അജിത്ത് അതിലെ ഒരു ചില്ലി കാശുപോലും കൈപ്പറ്റാതെ, ആ തുകയ്ക്ക് നന്ദിതയുടെ പേരില്‍, കോളജില്‍ എന്‍ഡോവമെന്റ് ഏര്‍പ്പെടുത്താന്‍ മുന്‍‌കൈ എടുത്തതിന്റെ കാരണം എന്നും നന്ദിതയുടെ പേര് മായാതെ ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമായിരുന്നുവത്രേ.