Saturday, 7 January 2012

നന്ദിത-മരണത്തിന്റെ മാസ്‌മരികത

പൊളിഞ്ഞുവീഴാറായെന്ന്‌ തോന്നിക്കുംവിധം ദയനീയതയില്‍ നില്‍ക്കുന്ന ക്ലാസ്സ്‌ മുറിയിലേക്ക്‌ ആ അധ്യാപിക കുനിഞ്ഞാണ്‌ കയറിവരുക. വര്‍ണ്ണങ്ങളും പൂക്കളും കുടിയേറാത്ത വസ്‌ത്രവും കറുത്ത മൊട്ടുകമ്മലുമിട്ട ആ സുന്ദരി പതിയെ ചാള്‍സ്‌ ലാംബിലേക്കോ റോബര്‍ട്ട്‌ ലിന്റിലേക്കോ കയറിപ്പോകും. അപ്പോഴെല്ലാം മൗനത്തിന്റെ ഗുഹമുഖമായി ആ ക്ലാസ്‌മുറി ചുരുങ്ങിച്ചുരുങ്ങി വരും. ചിലപ്പോള്‍ ചുമരുകളില്‍ സ്വയമുണ്ടായ ഗര്‍ത്തങ്ങളിലൂടെ വയലേലകളില്‍ നിന്ന്‌ വേര്‍പെട്ട്‌ വരുന്ന പിശടന്‍കാറ്റ്‌ ശരീരങ്ങളിലേക്ക്‌ ഒട്ടിച്ചേരാന്‍ ശ്രമിക്കും. കൈകള്‍ കൂട്ടിക്കെട്ടി കൗതുകത്തോടെ അധ്യാപികയുടെ മുഖത്തേക്ക്‌ തന്നെ അപ്പോള്‍ കുട്ടികള്‍ ശ്രദ്ധയൂന്നും. ആ മെലിഞ്ഞ ശരീരത്തില്‍ പതിയ ചിത്രം വരയ്‌ക്കാന്‍ കൗശലക്കാരനായ കാറ്റൊരുങ്ങുമ്പോള്‍ സാരിത്തലപ്പ്‌ തോള്‍വഴിയിട്ട്‌ അവര്‍ വീണ്ടും വാചാലയാകും.
ആ ക്ലാസ്സ്‌ മുറി ഇന്ന്‌ ഓര്‍മ്മയുടെ ബൃഹത്‌ശിഖരമാണ്‌. തകര്‍ച്ചയെ അതിജീവിക്കാനാവാതെ എന്നോ അത്‌ നിലംപൊത്തിയിരിക്കുന്നു. ലളിതജീവിതത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ആ അധ്യാപികയും സ്വപ്‌നങ്ങളെ ആട്ടിപ്പായിച്ച്‌ ജീവിതത്തില്‍ നിന്നും ഓടിമറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പന്ഥാവുകള്‍ തേടി ശിഥിലമായിപ്പോയ കുറെ മനസ്സുകളില്‍ ഓര്‍മ്മകള്‍ ആ വെളുത്ത രൂപത്തെ വീണ്ടും കൊണ്ടുവരുമ്പോള്‍ കണ്ണുകള്‍ കരടുവീണ പോലെ ചുവക്കും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. കാരണം ഊര്‍ജ്ജസ്വലയായ ആ അധ്യാപികയുടെ യാദൃശ്ചികത പേറിയ മരണം അത്രവേഗമൊന്നും സമ്മതിക്കാന്‍ അവരെയറിഞ്ഞവര്‍ക്കാവില്ല...
നന്ദിത എന്ന അധ്യാപികയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു വര്‍ഷകാലത്തിലാണ്‌. പ്രഷുബ്‌ധമായ പ്രീഡിഗ്രിക്കാലം. ബത്തേരി കോ-ഓപ്പറേറ്റീവ്‌ കോളജിലെത്തുന്നത്‌ ക്ലാസ്സെല്ലാം തുടങ്ങിക്കഴിഞ്ഞാണ്‌. പുറമെ നിന്ന്‌ നോക്കിയാല്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന്‌ തോന്നിക്കുന്ന ഷീറ്റിട്ട ക്ലാസ്സ്‌മുറികള്‍, അപരിചിതരായ മുഖങ്ങള്‍. അവരിലേക്കിറങ്ങാതെ തികച്ചും ഒറ്റയായി അതിലൊരു ലോകം തീര്‍ത്ത്‌ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ദിവസങ്ങള്‍ ദ്രുതഗതിയില്‍ പായുന്നതിനിടയില്‍ ആരൊക്കെയോ ചോദിക്കാതെ മനസ്സില്‍ കയറിയിരുന്നു. അധ്യാപകരില്‍ ചിലര്‍ കൂട്ടുകാരെക്കാള്‍ അടുത്തു. അങ്ങനെ ഒരു വര്‍ഷം വേഗത്തില്‍ ഓടി മറഞ്ഞു...
മഴ തിമര്‍ക്കുന്ന ജൂണ്‍മാസത്തില്‍ പാതിനനഞ്ഞാണ്‌ ആദ്യം നന്ദിതടീച്ചര്‍ ക്ലാസ്സിലെത്തിയത്‌. ഇംഗ്ലീഷ്‌ അധ്യാപികയുടെ ശാലീതയില്‍ മതിമറന്ന്‌ കുറേനേരം. മുഖം നിറയെ ഗൗരവഭാവം. ആരെയും പരിചയപ്പെടാതെ, ആരെയും പേര്‍ വിളിക്കാതെ പാഠഭാഗങ്ങള്‍ മാത്രമെടുത്ത്‌ അഞ്ചുമിനിറ്റ്‌ നേരത്തെ അവര്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ മടങ്ങും. ഗതി മുറിയാതെ വീശുന്ന പിശടന്‍കാറ്റ്‌ അപ്പോഴും അവര്‍ക്ക്‌ അകമ്പടിയായുണ്ടാവും...
മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ഒരു വര്‍ഷകാലത്തിലാണ്‌ അവരുടെ മരണവാര്‍ത്തയറിയുന്നത്‌. മഴ കോരി ചൊരിയുന്ന ആ പകലില്‍ എവിടെയോ നിഴലായി അവര്‍ നടക്കുന്നത്‌ കണ്ടു. കലോത്സവവേദിയില്‍ ``ഫസ്റ്റ്‌ പ്രൈസ്‌ ഈസ്‌ ഗോസ്‌ ടു...''പച്ച സാരി ധരിച്ച ഒരു അനൗണ്‍സറുടെ നേര്‍ത്ത ശബ്‌ദം കേട്ടു. ഈറന്‍ വയലറ്റ്‌ പൂക്കള്‍ മാത്രം പൂത്തുനിന്നിരുന്ന കോളജിലെ ചെറിയ പൂന്തോട്ടത്തില്‍ പൊഴിഞ്ഞുകിടന്നിരുന്ന ഇതളുകളില്‍ മഴ മരണത്തിന്റെ ചിത്രം വരയ്‌ക്കുന്നത്‌ കണ്ടു...

മരണശേഷം ഡയറിത്താളുകളില്‍ കുറിച്ചിട്ട കവിതകള്‍ കണ്ടെടുത്ത്‌ പ്രസിദ്ധീകരിച്ചപ്പോഴാണ്‌ നന്ദിതയെന്ന അധ്യാപികയുടെ സര്‍ഗ്ഗാത്മകശക്തി നാമറിയുന്നത്‌. ആരെയും അത്ഭുതപ്പെടുത്തും വിധം വാക്കുകള്‍ അടുക്കിവെച്ചവര്‍ മരണത്തെയും ആത്മനൊമ്പരങ്ങളെയും പ്രതീക്ഷകളെയും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. 1985ലാണ്‌ ആദ്യകവിത കുറിച്ചിട്ടിരിക്കുന്നത്‌. പ്രഷുബ്‌ധവും ഭാവതീവ്രമായിരുന്നു ആ കവിത. കാറ്റ്‌ ആഞ്ഞടിക്കുന്നുവെന്നും കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നുവെന്നും ഞാന്‍ ആളിപ്പടരുന്നുവെന്നും വിവരിക്കുന്ന ആ വരികള്‍ മനസ്സിന്റെ പകര്‍ത്തെഴുത്താണെന്ന്‌ തോന്നും. 1986ല്‍ എഴുതിയിട്ട രണ്ടു കവിതകളും വിഭിന്നമല്ല. സ്വപ്‌നങ്ങളിലെ ഓളങ്ങളെ തകര്‍ത്ത്‌ നഷ്‌ടങ്ങളും വ്യാകുലതകളും ഇഴ ചേര്‍ന്ന്‌ മുന്നേറുന്ന ഒരു നൗക കാണാം വരികളില്‍. കത്തിജ്വലിക്കുന്ന തീവ്രതയില്‍, എഴുതിയിട്ട പ്രതലം പോലും ഭസ്‌മമാകും വിധം തീവ്രം..
"നീ ചിരിക്കുന്നു
നിനക്ക്‌ കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്‌.
നിനക്ക്‌ ഭൂമിയാണ്‌ മാതാവ്‌
നിന്നെ കരള്‍ നൊന്തുവിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്‌.
പിതാവിനെ തേടി,
മാതാവിനെ ഉപേക്ഷിച്ച്‌...
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.''

സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെ പാളത്തിലൂടെയാണ്‌ നീ സഞ്ചരിക്കുന്നത്‌. പക്ഷേ എന്നിട്ടും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ സ്‌നേഹിക്കപ്പെടാന്‍ പോകുന്നു എന്ന കാരണത്താല്‍ തന്നെ എന്നോട്‌ പൊറുക്കുക. കവിതയുടെ സഞ്ചാരപഥങ്ങള്‍ എല്ലാവിധ ബിംബങ്ങളെയും തരണം ചെയ്‌തുമുന്നേറുമ്പോഴും അസൗന്ദര്യത്തിന്റെ നേരിയ കണിക പോലും ആസ്വാദകന്‌ മേല്‍ ഏല്‍ക്കുന്നില്ല. ഇങ്ങനെ തന്നെയാണ്‌ നന്ദിത ഡയറിയില്‍ ആരുമറിയാതെ സൂക്ഷിച്ച ഓരോ കവിതകളും. പ്രതീക്ഷകളില്‍ നിന്ന്‌ മരണത്തിലേക്കും മരണത്തില്‍ നിന്ന്‌ ശുഭപ്രതീക്ഷകളിലേക്കും തെന്നിമാറുന്ന കവിതകളാണ്‌ മിക്കതും...ഒന്നും സ്ഥായിയായി നിലനില്‍ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കുന്നു.
"എന്നെ അറിയാത്ത
എന്നെ കാണാത്ത
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്‌നമേ...
എന്റെ മുഖത്ത്‌ തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത്‌ എന്റെ ഹൃദയത്തിലാണ്‌;
ആഴമേറിയ രണ്ട്‌ ഗര്‍ത്തങ്ങള്‍ സൃഷിടിച്ച്‌...''

1987ല്‍ എഴുതിയ കവിതയും നൈരാശ്യത്തിന്റെ മേല്‍പ്പാലത്തിലൂടെ തന്നെയാണ്‌ സഞ്ചരിക്കുന്നത്‌. അസ്വസ്ഥമാക്കപ്പെടുന്ന ജന്മദിനവുമായി 1988ല്‍ എഴുതിയ കവിതയും നൊമ്പരത്തിന്റെ ചാലുകളിലൂടെയാണ്‌ ഒഴുകിനീങ്ങുന്നത്‌. കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടക്ക്‌ ഞാന്‍ തിരഞ്ഞത്‌ നിന്റെ തൂലികക്ക്‌ വേണ്ടിയായിരുന്നു എന്ന്‌ ഓര്‍മ്മപ്പെടുത്തുന്നു. നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക പഴയപുസ്‌തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഞാന്‍ കണ്ടെടുക്കുമ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നുവെന്നും കവിയത്രി വ്യാകുലപ്പെടുന്നു...1989ല്‍ എഴുതിയ തടവുകാരി എന്ന കവിത ആരെയും അത്ഭുതപ്പെടുത്തുംവിധം ഭാവനാസമ്പന്നമാണ്‌.
"നെറ്റിയില്‍ നിന്നും നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴികളില്‍
എന്റെ നഷ്‌ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരെയും കൂസാതെ നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത്‌ ഞാനറിഞ്ഞു.
നിന്റെ സ്വപ്‌നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്‌ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണുനീരുറയുന്നതും
നിന്റെ നിര്‍വ്വികാരികതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടുകൂടി തന്നെയായിരുന്നു.
എനിക്ക്‌ രക്ഷപ്പെടണമെന്നുണ്ടായിരുന്നു.
പക്ഷേ...
ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ...''
ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ത്തെഴുത്തായിരുന്നു നന്ദിതയുടെ കവിത. അതാണ്‌ ആരും മോഹിക്കും വിധം അനിര്‍വ്വചനീയമായ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ച്‌ അവള്‍ കവിതക്ക്‌ ജീവപ്രാണന്‍ നല്‍കിയത്‌. കവിതയെന്ന നിര്‍വ്വചനം ഇവിടെ പാടെ തകരുന്ന കാഴ്‌ച കാണാം. ഗദ്യത്തിന്റെ ചട്ടക്കൂടില്‍ ഭദ്രമായ ഒരവസ്ഥ സൃഷ്‌ടിക്കാന്‍ വരികള്‍ തയ്യാറാകുന്നതും ഇങ്ങനെ തന്നെയാണ്‌.
"നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന്‌ അടര്‍ന്നുവീണത്‌
ഒരു തുള്ളി രക്തം മാത്രം
നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്‌,
നിന്നെ മറക്കാതിരിക്കാന്‍
എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.
എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍
നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.
നിന്റെ സത്യം മങ്ങാതിരിക്കാന്‍
കടുത്ത വെയിലിന്റെ ഓരോ തുള്ളിയും
ഞാനൊപ്പിയെടുക്കുന്നു
ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്‌
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്‌തു വീഴ്‌ത്തുന്നു.
ഇതെന്റെ സന്ന്യാസം.''

കവിതകള്‍ ഓരോന്നും ഇങ്ങനെ വ്യത്യസ്‌തമായ രീതിയിലാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ കൂടി അര്‍ത്ഥതലങ്ങളെല്ലാം ഒന്ന്‌ തന്നെയാണ്‌. കടുത്ത നൊമ്പരങ്ങളുടെ ഏണിപ്പടികളിലൂടെയാണ്‌ ഓരോ കവിതകളും യാത്രയാവുന്നത്‌. എന്തിരുന്നാലും പഴയ കലാലയത്തിന്റെ പടവുകളില്‍ ഇന്നും നന്ദിതയെന്ന കവിയത്രിയും അവരെ കുറിച്ചുള്ള ഓര്‍മ്മകളും മായാത്ത പാതയിലൂടെ യാത്ര തുടരുന്നു.

3 comments:

  1. വരികൾ അത്ഭുതപെടുത്തുന്നു....
    ഈ തുലിക മരിക്കാൻ പാടില്ലായിരുന്നു,,
    ഇത്ര വേഗം...

    ReplyDelete
  2. നന്ദിത എനിക്കെന്നും അത്ഭുതമാണ്...പിടികിട്ടാതെ ഒളിഞ്ഞിരിക്കുന്ന മനസ്സ്....

    ReplyDelete
  3. നന്ദിത എന്ന യുവതിയുടെ ഉള്ളിൽ ആരാണ് മരണമെന്ന ചെകുത്താനെ കൊണ്ട് വിട്ടത്?

    ReplyDelete