Saturday 14 February 2009

നന്ദിതയ്ക്ക് - ദേവസേന

മരണത്തോളം സത്യമായിരുന്ന പ്രണയത്തിനും
ജീവിതത്തോളം സത്യമായിരുന്ന കവിതയ്ക്കും

6-7 കൊല്ലങ്ങള്‍ക്കു മുന്‍പ്‌ പത്രത്തില്‍ വന്ന മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഡയറിത്താളുകളില്‍ കവിതകള്‍ കുറിച്ചിട്ട്‌, മഴവില്ലു പോലെ ജീവിതം അല്‍പ്പനേരം പ്രസരിപ്പിച്ച്‌, പിന്നീടു മാഞ്ഞു പോയ നന്ദിതയെ ക്കുറിച്ചുള്ള ആ കുറിപ്പ്‌, സശ്രദ്ധം വായിച്ച്‌, ആ പത്രത്താള്‍, നിധി പോലെ സൂക്ഷിക്കുന്ന പ്രിയപ്പെട്ട അപൂര്‍വ്വം പുസ്തകങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചു കിടന്നിരുന്നു, കാലങ്ങളോളം. ഒരു കവിതയെങ്കിലും എഴുതുകയോ, നേരമ്പോക്കിനെങ്കിലും ഒരു കവിത വായിക്കുകയോ ചെയ്യാതിരുന്ന ആ കാലത്തു എന്നെ കൊണ്ട്‌ അങ്ങനെ ചെയ്യിപ്പിച്ചതെന്താണെന്നുള്ളതിനു ഉത്തരമില്ല. അല്ലങ്കില്‍ത്തന്നെ ഉത്തര മില്ലായ്മയുടെ അനവധി ചോദ്യങ്ങള്‍ തന്നെയാണു ജീവിതം. ചിലരോടങ്ങനെയാണു; വെറുതെ തോന്നുന്ന ആകര്‍ഷണം. ചിലര്‍ എഴുത്തു കൊണ്ടു പ്രലോഭിപ്പിക്കുമ്പോള്‍, മറ്റു ചിലര്‍ അവരുടെ ജീവിതം കൊണ്ടും, മരണം കൊണ്ടുമാണു ആകര്‍ഷിക്കപ്പെടുന്നത്‌.

ആരായിരുന്നു നന്ദിത? 1999-ല്‍, 28-)o വയസ്സില്‍, മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, ജീവന്റെ തിരി സ്വയം ഊതി ക്കെടുത്തി മരണത്തിന്റെ തണുത്ത താഴ്വരയിലേക്ക്‌ നടന്നു പോകാന്‍ കാരണമെന്തായിരുന്നു? പലരും പലതും പറയുന്നു. രാവ്‌ മൂര്‍ഛിച്ച നേരത്ത്‌ വന്ന ഒരു ഫോണ്‍ കാള്‍. ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക്‌ എടുത്തു ചാടാന്‍, അത്ര മാത്രം ഉത്ക്കടമായി അവരെ തകര്‍ത്തു കളഞ്ഞ എന്തു സന്ദേശമായിരുന്നു ആ ഫോണ്‍ കാളില്‍ ഉണ്ടായിരുന്നത്‌? അതോ അങ്ങനെ ഒരു ഫോണ്‍ കാള്‍ വന്നിരുന്നുവോ? എല്ലാം ഇപ്പോഴും മൂടല്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ദുരൂഹതകള്‍.

സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല. പക്ഷേ കവിതയിലെ വരികള്‍ മൗന സഞ്ചാരം നടത്തുന്ന വഴികളില്‍ വ്യാപിച്ചു കിടക്കുന്ന പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണ ചിന്ത അങ്ങനെ പലതു മുണ്ടെങ്കിലും, നെടുകയും കുറുകയും പായുന്നത്‌ പ്രണയം മാത്രമാണന്നതു വലിയ സൂക്ഷ്മ പരിശോധന യൊന്നുമില്ലാതെ തന്നെ കണ്ടെത്തുവാന്‍ കഴിയുന്നുണ്ട്‌.

പ്രണയ മിവിടെ രംഗ പ്രവേശനം ചെയ്യുകയാണ്.

ലോക മഹാത്ഭുതങ്ങളില്‍ പ്രമുഖമായ താജ്‌ മഹല്‍-ന്റെ നാട്ടില്‍ പിറന്ന ഓരോ ഭാരതീയന്റെ ഉള്ളിലും പ്രണയത്തിന്റെ വെണ്ണ ക്കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നതില്‍ ആരെയാണു പഴി പറയാന്‍ കഴിയുക?

കൃഷ്ണന്‍ - ഭാരതീയ സ്ത്രീകളൂടെ ഉള്ളിലേക്ക്‌ ദൈവികതയില്‍ കവിഞ്ഞ്‌, പ്രണയ -ശൃംഗാര ഭാവങ്ങളെയാണു സന്നിവേശിപ്പിക്കുന്നത്‌. ഒരു ശരാശരി ഭാരതീയന്‍, ബാഹ്യമായെങ്കിലും അനുഷ്ടിക്കാ നാഗ്രഹിക്കുന്ന ഒന്നാണു ഏക പത്നീ സമ്പ്രദായം. അക്കാര്യത്തില്‍ അഗ്ര ഗണ്യനായ രാമനെ ഒന്നോര്‍ക്കാന്‍ പോലും ശ്രമിക്കാതെ, ശോകത്തിലും, ആഹ്ലാദത്തിലും, അമ്പരപ്പിലും എന്റെ കൃഷ്ണാ-യെന്നു വിളിച്ചു സായൂജ്യമടയുന്ന ഭാരത സ്ത്രീകള്‍. ഭര്‍ത്താവിനോ കാമുകനോ പക്ഷേ ഗോപാലകന്റെ അനുയായികളാകുന്നത്‌ സങ്കല്‍പ്പത്തി നപ്പുറമാണു. ഈ വിരോധാ ഭാസത്തെ എന്തു വിളിക്കണം?

പ്രണയത്തെക്കുറിച്ച്‌, പ്രിയപ്പെട്ട എഴുത്തുകാരുടെ ഉദ്ധരണികളി ങ്ങനൊക്കെയാണു.

"ഉരുകുകയാണു, ഉരുകുകയാണു, എന്നില്‍ നീയല്ലാതെ വേറൊന്നും ശേഷിക്കുന്നില്ല" ന്ന് മാധവിക്കുട്ടി.

"പ്രണയത്തിന്റെ ഉത്‌കണ്ഠ കിടക്കയി ലവസാനിക്കുന്നുവെന്ന്" മാര്‍ക്കേസ്‌.

"എന്റെ പ്രണയമേ എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്‌" എന്നു വി.ജി. തമ്പി.

"അവളോടുള്ള പ്രണയം നാള്‍ക്കുനാള്‍ കൂടി വിഷാദരോഗത്തേയും വെല്ലുന്ന മനോവ്യഥ യുണ്ടാക്കിയെന്ന്", ലോഹിതദാസ്‌ 'വിഷാദ കാലത്തിന്റെ ഓര്‍മ്മ ക്കുറിപ്പില്‍"

"സര്‍പ്പ ശയ്യക്കു മീതെ വിഷ ദംശ മേല്‍ക്കാതെയുള്ള സ്വപ്നം കാണലാണു പ്രണയ'മെന്ന് ജീവനൊടുക്കിയ ഷെല്‍വി.

"പ്രണയം ഭംഗിയുള്ള നുണയാണെന്ന്" ഷിഹാബുദ്ദിന്‍ പൊയ്തുംകടവ്‌

'വസന്തം ചെറി മരങ്ങളോടു ചെയ്യുന്നത്‌ എനിക്കു നിന്നോടു ചെയ്യണമെന്ന്' നെരൂദ പാബ്ലോ.

കുഴൂര്‍ വില്‍സന്റെ: "ഞാനാദ്യം മരിച്ചാല്‍ നിന്നെയാരു നോക്കുമെന്നല്ലായിരുന്നു, ആരെല്ലാം നോക്കു മെന്നായിരുന്നു" എന്ന വരികളില്‍ പ്രണയത്തെ നാം എക്സ്ട്രീം ലെവലില്‍ കണ്ടെത്തുന്ന... പൊസ്സെസ്സിവെനെസ്സ്‌.

സ്വപ്നം കാണലാണെന്ന്,
ഉരുക്കമാണെന്ന്,
ഏകാന്തതയാണന്ന്,
കിടക്ക വരെയെ ത്തുമ്പോള്‍ അവസാനിക്കുമെന്ന്,
സൗന്ദര്യമുള്ള നുണയാണെന്ന്
ആത്മാവിന് മേലും, ശരീരത്തിന്മേ ലുമുള്ള പെയ്തടങ്ങലാണെന്ന്.

സര്‍ഗ്ഗാത്മക വ്യാപാരത്തി ലേര്‍പ്പെടുന്ന ഒട്ടു മിക്ക എഴുത്തുകാരും വിഷാദം പൂക്കുന്ന വഴികളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണു. മലയാള സാഹിത്യത്തിന്റെ കനക സിംഹാസന ത്തിലിരിക്കുന്ന, നാം ഹൃദയ പൂര്‍വ്വം അംഗീകരിക്കുന്ന, വൈക്കം മുഹമ്മദ്‌ ബഷീര്‍ മുതല്‍, കവി അയ്യപ്പന്‍, കെ.പി. രാമനുണ്ണി, കമലാദാസ്‌, സുഭാഷ്‌ ചന്ദ്രന്‍, സിനിമാ സംവിധായകന്‍ ലോഹിത ദാസ്‌ തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന അനിശ്ചിതത്വത്തിന്റെ ഇരുളുകളില്‍ മരണത്തെ കണക്കറ്റു കാമിച്ച നിരവധി പരാമര്‍ശങ്ങളുണ്ട്‌.

അക്ഷരങ്ങള്‍ക്കു ജീവനുണ്ടന്നുള്ളതു സത്യമാണു. അല്ലെങ്കില്‍ പിന്നെങ്ങനെയാണു, ഒരിക്കല്‍ പോലും പകല്‍ വെളിച്ചത്തിലേക്ക്‌ വരരുതു എന്നു നിശ്ചയി ച്ചുറപ്പിച്ചതു പോലെയുള്ള തലക്കെട്ടു പോലുമില്ലാതെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ചിറകുകള്‍ മുളപ്പിച്ചു പുറത്തേക്കു പറന്നു വന്നത്‌?

സ്വാതന്ത്ര്യ മില്ലായ്മയുടെ നീലക്കയങ്ങളിലവര്‍ പിടഞ്ഞിരുന്നുവോ എന്ന് ശങ്കിപ്പിക്കുന്ന വരികളിങ്ങനെ:-

"ഛിടിയ ഗര്‍'ലെ ഇരുണ്ട കൂട്ടിലെ
സ്വര്‍ണ്ണ ച്ചിറകുള്ള പക്ഷീ
ഒരിക്കല്‍ പോലും നീ
മിന്റെ പൊന്തൂവലുകള്‍ വിടര്‍ത്തിയില്ല
മഴ മേഘങ്ങള്‍ കണ്ട്‌
പീലി വിരിച്ചാടുന്ന മയിലുകള്‍ ക്കൊപ്പം ഉണര്‍ന്നില്ല
ഗുല്‍ മോഹര്‍ പൂത്ത വേനലില്‍
മൊഴിയറ്റ സ്വരങ്ങള്‍ ചീന്തിയെടുത്ത്‌
സാധകം ചെയ്തില്ല
ഇരുമ്പില്‍ തീര്‍ത്ത
നിന്റെ കൂടിന്റെ അഴികള്‍
ഞാനിന്നലെ സ്വപ്നം കണ്ടു.

സ്ത്രീ എഴുതുമ്പോള്‍, -കലാപരമായ പ്രവൃത്തിയി ലേര്‍പ്പെടുന്ന ഏതു സ്ത്രീയും - ഒരു പുരുഷന്റെ തിനെക്കാള്‍ അന്‍പതു മടങ്ങങ്കിലും സ്‌ട്രെയിന്‍ എടുക്കേണ്ടതായി വരുന്നുണ്ട്‌. സാധാരണക്കാരിയായ ഒരു സ്ത്രീ / കുടുംബിനി, വീട്‌, മക്കള്‍, ഉദ്യോഗം, ഭര്‍ത്താവ്‌, തുടങ്ങി ജീവിതമെന്ന മഹാസമുദ്രത്തിന്റെ കരയിലേക്കു കയറിയിരുന്നാണു അവളുടെ സര്‍ഗ്ഗ ജീവിതത്തെ പരിപോഷിപ്പികുനത്‌. അവളുടെ ഉത്ക്കടമായ ഉദ്യമത്തിന്റെ വിജയമാണു എഴുത്ത്‌. യാതനകള്‍ നേരിട്ട്‌ എഴുതുമ്പോഴും നേരിടുന്ന വിഷയ പരിമിതി കളവളെ ഭയപ്പെടു ത്തുന്നുണ്ട്‌. (അപൂര്‍വ്വം സ്ത്രീകളെയൊഴികെ). പ്രണയം, ലൈംഗികത ഇമ്മാതിരി വിഷയങ്ങള്‍, 21-ആം നൂറ്റാണ്ടിന്റെ നട്ടുച്ച യിലെത്തിയിട്ടും സ്ത്രീകള്‍ക്കു അപ്രാപ്യമായ മേഖല പോലെ ഗര്‍വ്വിച്ചു നില്‍ക്കുകയാണു.

സ്വാതന്ത്യ മില്ലാമയ്മെ ക്കുറിച്ചുള്ള പറച്ചില്‍ വെറുതെയല്ല. ജീവനോടെയിരിക്കുമ്പോള്‍ നന്ദിതയുടെ ഒറ്റ കവിത പോലും വെളിച്ചം കാണിക്കാനാവാതെ, മരണ ശേഷം മാത്രം കവിതയെന്നഭാവേന പുറത്ത്‌ വന്ന അവരുടെ ചിന്തകള്‍, രോഷങ്ങള്‍, ഭ്രാന്ത്‌. സ്വാതന്ത്ര്യമില്ലാമയുടെ ഏതൊക്കെയോ ഇരുണ്ട തുരങ്കങ്ങളിലൂടെയാണവളും അവളുടെ കവിതകളൂം കടന്നു പോയതെന്നതിന്റെ വെളിപ്പെടുത്തലുകളാണു.

നന്ദിതയുടെ പേരിനോടു ചേര്‍ത്ത്‌ വെക്കാന്‍ കഴിയുന്ന പേരാണു കവയത്രി സില്‍വിയാ പ്ലാത്ത്‌. നിരവധി ഘട്ടങ്ങളില്‍ വിഷാദ രോഗത്തില്‍ നിന്നും മരണത്തിന്റെ കൈവഴി കളിലേക്കു വീണു, തെന്നി മാറി, ജീവിതം മടക്കി ക്കൊണ്ടു വന്നിട്ടും, പാചക വാതകം അഴിച്ചു വിട്ടു ഓവനിലേക്ക്‌ മുഖം കയറ്റി വെച്ച്‌ മരണത്തെ ആശ്ലേഷിച്ച, അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയാ പ്ലാത്ത്‌.

മരണമെന്നത്‌ ശ്വാശ്വതമായ നിയമാണു. നിത്യമായ സത്യമാണു. അതു കൊണ്ടാവാം 'മരണം പോലെ കഠിനമാണു പ്രണയമെന്ന്" സോളമന്‍ രചിച്ചിരിക്കുന്നത്‌.

പ്രണയം മൂര്‍ച്ഛിക്കുമ്പോള്‍, കമീതാക്കാള്‍ 'ഒരുമിച്ച്‌ ജീവിക്കാം നമ്മുക്ക്‌, എന്നതിനേക്കാള്‍... ഒരുമിച്ച്‌ മരിക്കാം എന്നു പറഞ്ഞും പ്രവര്‍ത്തിച്ചും സായൂജ്യ മടയുന്ന രീതിയാണു പറയുന്നതായാണു കണ്ടു വരുന്നതിനെന്നുള്ളതിനു ഊന്നല്‍ കൊടുത്ത്‌ ഇടപ്പള്ളിയുടെ വരികളിങ്ങനെ:-

'ഒന്നിലും സഹകരിക്കാത്ത ലോകമേ -
എന്തിനും സഹകരിക്കുന്ന ശാരതാകാശമേ !!!'

ഇടപ്പള്ളിയുടെ വരികളിവിടെ ഉദ്ധരിക്കുന്നത്‌ യാദൃശ്ചികമല്ല. മനപൂര്‍വ്വമാണു.

പ്രണയ തിരസ്കാരം മരണത്തിലേക്കു വഴി നടത്തിയ ഇടപ്പള്ളിയുടെ വരികളോട്‌ ചേര്‍ത്ത്‌ വെച്ച് വായിക്കാന്‍, കവികള്‍ പ്രവചനാത്മാക്കളാണെന്നോര്‍മ്മിപ്പിച്ച്‌, മരണത്തോടുള്ള ആസക്തിയില്‍ നന്ദിതയെഴുതിയ തലക്കെട്ടില്ലാത്ത മറ്റൊരു കവിതയിങ്ങനെ !!

"കാറ്റ്‌ ആഞ്ഞടിക്കുന്നു
കെട്ടു പോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.
മുടി കരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു..
ഭ്രാന്തമായി."

കവിതകളുടെ പേരില്‍ നന്ദിത എന്നും ഓര്‍മ്മിക്കപ്പെടും, വരുന്ന തലമുറകളാലും ആദരിക്കപ്പെടാന്‍ പാകത്തിനു എന്തോ ഒന്ന് ആ അക്ഷരങ്ങളില്‍ ആളി പ്പടരുന്നുണ്ട്‌.

ആത്മാഹൂതി യെക്കുറിച്ചോ ര്‍ക്കുമ്പോള്‍, ഒരു സെപ്റ്റംബര്‍ മാസം ഹൃദയം തകര്‍ന്ന് മുന്നില്‍ നില്‍ക്കും, തലസ്ഥാ നനഗരിയിലെ ഒരു ഹോട്ടല്‍ മുറി മുന്നില്‍ പൊടുന്നനെ തുറന്നു വരും. രണ്ടു ദിനം പഴക്കമാര്‍ന്ന ഒരു ശരീരം തൂങ്ങി നില്‍ക്കുന്നത്‌ കണ്ട്‌ പ്രജ്ഞ കെട്ടു പോയത്‌, കരങ്ങളില്‍ കോര്‍ത്തു നടന്നിരുന്ന ആ വിരലുകള്‍ക്ക്‌ ഇനി ജീവന്‍ തിരികെ വരില്ലേയെന്ന് നൊന്തു പിടഞ്ഞ്‌, തലച്ചോറിന്റെ സ്ഥിരത കൈ മോശം വന്നു പോയത്‌. മോഹഭംഗ ങ്ങളെയെല്ലാം കൈപ്പിടി ചാരമാക്കി, ഒരു കുടത്തിനുള്ളില്‍ പാപനാശിനി യിലേക്ക്‌, എല്ലാം ജയിച്ചുവെന്ന മട്ടില്‍ തുള്ളി മറിഞ്ഞു പോകുന്നതു കണ്ടു സ്വയം നഷ്ടപ്പെട്ടു പോയത്‌. ഫണമൊതുക്കി നെഞ്ചില്‍ മയങ്ങി ക്കിടന്നൊരു കരിനാഗത്താന്‍ പെട്ടന്നുണര്‍ന്ന് ആഞ്ഞു ആഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നു. ഇനി വയ്യ ബാക്കിയൊന്നും ഓര്‍ക്കുവാന്‍.

ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണു,
മുറിവുകളുടെ രണഭൂമികകളാണു.
മരണം - അതുമാത്രമാണു നിത്യമായ സത്യം.

- ദേവസേന

Source: http://www.epathram.com/magazine/notes/2008/09/blog-post.shtml

8 comments:

  1. Was this lady a student at kOzhikkOt GuruvaayUrappan coLLege 84-86 pre-degree II group?
    I am sorry, if she was.
    I am sorry, otherwise too.

    ReplyDelete
  2. 'nandithakku'-vayana vallaatha oranubhavamayirunnu....nandithayude lokam parichaya peduthi thannathinu devasenayodu oru padu nandiyundu...hrudayasparishiyaya varikal....

    ReplyDelete
  3. ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണു,
    മുറിവുകളുടെ രണഭൂമികകളാണു.
    മരണം - അതുമാത്രമാണു നിത്യമായ സത്യം.മനസിനെ പിടിച്ചുലക്കുന്നു ഈ ലേഖനം

    ReplyDelete
  4. മനസ്സില്‍ കൊണ്ട് കയറുന്നു.കവിതയും കവയത്രിയെക്കുറിച്ചുള്ള വരികളും.

    ReplyDelete
  5. ഒരൊറ്റ വാക്കില്‍ ചുരുക്കുന്നു ... ഗംഭീരം ...

    ReplyDelete
  6. വളരെ നനായിരിക്കുന്നു ഈ അവതരണം ............ജീവിതം നന്തിതയെ തോല്പ്പിച്ചുവോ , അതോ നന്തിത ജീവിതത്തെ തോല്പ്പിച്ചുവോ ??????/

    ReplyDelete
  7. maranam athalle avasaana prenayam.....

    ReplyDelete
  8. വളരെ നന്നായിരികുന്നു ,,,,,,,,

    ReplyDelete