Sunday 7 November 2010

നരച്ച കണ്ണുകളുള്ള പെൺകുട്ടി

നരച്ച കണ്ണുകളുള്ള പെൺകുട്ടി
സ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്
അവൾ പൂപ്പാത്രമൊരുക്കി.
പൂക്കളടർന്നുണങ്ങിയ തണ്ടിന്‌
വിളർത്ത പൗർണ്ണമിയുടെ നിറം,
അവളുടെ കണ്ണുകൾക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളിൽ
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വർണ്ണ മത്സ്യങ്ങളെ നട്ടുവളർത്തി-
യവൾ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോർമ്മകളിൽ
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോർന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതിൽപ്പാളികൾക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുൽകാൻ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളിൽ
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വർണ്ണ മത്സ്യങ്ങൾ
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവൾക്ക് കൂട്ട്


-1992-

Friday 5 November 2010

വീണ്ടും മൗനം ബാക്കി

കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,
നിശ്ചലമാകുന്നു

വീണ്ടും മൗനം ബാക്കി

ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ
കണ്ണുനീര്‌ കൊണ്ട് കഴുകി
ചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്‌?
യോഹന്നാന്റെ ശിരസ്സിനുവേണ്ടി ഉറഞ്ഞുതുള്ളുന്നതും
അവളല്ലയോ?
അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്
നേർത്ത തേങ്ങലായ്
കാതുകളിൽ ചിലമ്പുന്നു

കൽക്കിക്കു ശേഷം
ഇനിയാരെന്നറിയാതെ, കാത്തിരിക്കാതെ
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു
നിശബ്ദം, ആരുടേയും ഉറക്കം കെടൂത്താതെ
ഇനി ദൈവ്വപുത്രനെത്തുമെന്നോർത്ത്
സ്വപ്നങ്ങളെ മാടി വിളിക്കുമ്പോഴും
ഞാനുറങ്ങാതെ കാത്തിരിക്കാം.
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ്മയുമായി
വേനലുകളുടേയും വർഷങ്ങളുടേയും കണക്കെടുക്കാതെ
ഇനിയെത്തുന്നത് ദൈവ്വപുത്രനാവുമന്ന് വെറുതെ ആശിച്ച്
ഞാനുറങ്ങാതെ കാത്തിരിക്കാം


-1992-

Wednesday 3 November 2010


നന്ദിത ഫറൂക്ക് കോളജിൽ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തിൽ തന്റെ സ്വകാര്യ ഡയറിയിൽ കുറിച്ചിട്ട ചില ഭ്രാന്തൻ വരികൾ

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു


-1988-