Wednesday, 18 January 2012

നന്ദിതക്ക് ഒരോർമ്മകുറിപ്പ്

നന്ദിത(ജനനം: 1969 മെയ് 21 - മരണം: 1999 ജനുവരി 17)

ജനുവരി 17- നന്ദിതയുടെ ഓര്‍മകള്‍ക്ക് 15 വയസ്സ്. മരണത്തെയും പ്രണയത്തെയും സ്‌നേഹിച്ച് ഒടുവില്‍ ജീവിതം അവസാനിപ്പിച്ച നന്ദിതയെന്ന എഴുത്തുകാരിയുടെ വാക്കുകള്‍ 15 വര്‍ഷം കഴിഞ്ഞും അതേ തീക്ഷ്ണതയില്‍ നിലകൊള്ളുന്നു. ഡയറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സൃഷ്ടികള്‍ നന്ദിതയുടെ മരണശേഷം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വായനക്കാര്‍ നന്ദിത എന്ന കവയിത്രിയെ അറിഞ്ഞു തുടങ്ങുകയായിരുന്നു. കടലാസുകളില്‍ നിന്ന് ഇന്റര്‍നെറ്റ് ലോകത്തേക്കു മാറിയപ്പോഴും നന്ദിതയുടെ ചിന്തകളും കവിതകളും അതിലേക്കും പകര്‍ത്താന്‍ ആരാധകര്‍ മത്സരിച്ചു. 'നന്ദിതയുടെ കവിതകള്‍' എന്ന പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകളും പ്രത്യക്ഷപ്പെട്ടു.

നന്ദിതയുടെ വാക്കുകളോട് തോന്നിയ ആരാധന ഒരു ഘട്ടത്തില്‍ തന്റെ മനോനില തെറ്റിക്കുന്നതായി തോന്നിയെന്ന് പാലക്കാട്ടുകാരന്‍ രാഗേഷ് ആർ. ദാസ് പറഞ്ഞു. നന്ദിതയുടെ മരണസമയത്ത് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ അവരുടെ എഴുത്തിനെ ആരാധിച്ചു, അത്രത്തോളമായിരുന്നു ആ വാക്കുകളുടെ ശക്തി. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് നന്ദിത എഴുതിയത്. നന്ദിതയുടെ കവിതകളിലും കുറിപ്പുകളിലും കാണാന്‍ കഴിഞ്ഞത് സ്വപ്നങ്ങളും മോഹഭംഗങ്ങളുമാണ്. വയനാട് ജില്ലയിലെ മടക്കിമലയില്‍ 1969 മെയ് 21-നാണ് നന്ദിത ജനിച്ചത്. വയനാട്ടിലെ മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ അധ്യാപികയായിരുന്നു. 1999 ജനവരി 17-നാണ് നന്ദിത മരിച്ചത്. നിരവധി പേരാണ് നന്ദിതയെക്കുറിച്ച് അവരുടെ ഓര്‍മകള്‍ വാക്കുകളിലൂടെയും വരികളിലൂടെയും പങ്കുവെച്ചത്. 'ഒരു മെയ്മാസ പൂവ് അടര്‍ന്നു വീണെങ്കിലും ജ്വലിക്കുന്ന അക്ഷരങ്ങളാണ് നീ തീര്‍ത്തൊരു ലോകം'-ആന്‍സി ജോര്‍ജ് കുറിച്ച വരികള്‍. നന്ദിതയുടെ സൃഷ്ടികള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അവരുടെ മരണകാരണം ഇന്നും നിഗൂഢമായി അവശേഷിക്കുന്നു.

മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.

''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''

എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO കോളജിൽ അധ്യാപികയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇന്നും അജ്ഞാതമായി സൂക്ഷിക്കുന്നു.


Saturday, 7 January 2012

നന്ദിത-മരണത്തിന്റെ മാസ്‌മരികത

പൊളിഞ്ഞുവീഴാറായെന്ന്‌ തോന്നിക്കുംവിധം ദയനീയതയില്‍ നില്‍ക്കുന്ന ക്ലാസ്സ്‌ മുറിയിലേക്ക്‌ ആ അധ്യാപിക കുനിഞ്ഞാണ്‌ കയറിവരുക. വര്‍ണ്ണങ്ങളും പൂക്കളും കുടിയേറാത്ത വസ്‌ത്രവും കറുത്ത മൊട്ടുകമ്മലുമിട്ട ആ സുന്ദരി പതിയെ ചാള്‍സ്‌ ലാംബിലേക്കോ റോബര്‍ട്ട്‌ ലിന്റിലേക്കോ കയറിപ്പോകും. അപ്പോഴെല്ലാം മൗനത്തിന്റെ ഗുഹമുഖമായി ആ ക്ലാസ്‌മുറി ചുരുങ്ങിച്ചുരുങ്ങി വരും. ചിലപ്പോള്‍ ചുമരുകളില്‍ സ്വയമുണ്ടായ ഗര്‍ത്തങ്ങളിലൂടെ വയലേലകളില്‍ നിന്ന്‌ വേര്‍പെട്ട്‌ വരുന്ന പിശടന്‍കാറ്റ്‌ ശരീരങ്ങളിലേക്ക്‌ ഒട്ടിച്ചേരാന്‍ ശ്രമിക്കും. കൈകള്‍ കൂട്ടിക്കെട്ടി കൗതുകത്തോടെ അധ്യാപികയുടെ മുഖത്തേക്ക്‌ തന്നെ അപ്പോള്‍ കുട്ടികള്‍ ശ്രദ്ധയൂന്നും. ആ മെലിഞ്ഞ ശരീരത്തില്‍ പതിയ ചിത്രം വരയ്‌ക്കാന്‍ കൗശലക്കാരനായ കാറ്റൊരുങ്ങുമ്പോള്‍ സാരിത്തലപ്പ്‌ തോള്‍വഴിയിട്ട്‌ അവര്‍ വീണ്ടും വാചാലയാകും.
ആ ക്ലാസ്സ്‌ മുറി ഇന്ന്‌ ഓര്‍മ്മയുടെ ബൃഹത്‌ശിഖരമാണ്‌. തകര്‍ച്ചയെ അതിജീവിക്കാനാവാതെ എന്നോ അത്‌ നിലംപൊത്തിയിരിക്കുന്നു. ലളിതജീവിതത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ആ അധ്യാപികയും സ്വപ്‌നങ്ങളെ ആട്ടിപ്പായിച്ച്‌ ജീവിതത്തില്‍ നിന്നും ഓടിമറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പന്ഥാവുകള്‍ തേടി ശിഥിലമായിപ്പോയ കുറെ മനസ്സുകളില്‍ ഓര്‍മ്മകള്‍ ആ വെളുത്ത രൂപത്തെ വീണ്ടും കൊണ്ടുവരുമ്പോള്‍ കണ്ണുകള്‍ കരടുവീണ പോലെ ചുവക്കും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. കാരണം ഊര്‍ജ്ജസ്വലയായ ആ അധ്യാപികയുടെ യാദൃശ്ചികത പേറിയ മരണം അത്രവേഗമൊന്നും സമ്മതിക്കാന്‍ അവരെയറിഞ്ഞവര്‍ക്കാവില്ല...
നന്ദിത എന്ന അധ്യാപികയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു വര്‍ഷകാലത്തിലാണ്‌. പ്രഷുബ്‌ധമായ പ്രീഡിഗ്രിക്കാലം. ബത്തേരി കോ-ഓപ്പറേറ്റീവ്‌ കോളജിലെത്തുന്നത്‌ ക്ലാസ്സെല്ലാം തുടങ്ങിക്കഴിഞ്ഞാണ്‌. പുറമെ നിന്ന്‌ നോക്കിയാല്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന്‌ തോന്നിക്കുന്ന ഷീറ്റിട്ട ക്ലാസ്സ്‌മുറികള്‍, അപരിചിതരായ മുഖങ്ങള്‍. അവരിലേക്കിറങ്ങാതെ തികച്ചും ഒറ്റയായി അതിലൊരു ലോകം തീര്‍ത്ത്‌ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ദിവസങ്ങള്‍ ദ്രുതഗതിയില്‍ പായുന്നതിനിടയില്‍ ആരൊക്കെയോ ചോദിക്കാതെ മനസ്സില്‍ കയറിയിരുന്നു. അധ്യാപകരില്‍ ചിലര്‍ കൂട്ടുകാരെക്കാള്‍ അടുത്തു. അങ്ങനെ ഒരു വര്‍ഷം വേഗത്തില്‍ ഓടി മറഞ്ഞു...
മഴ തിമര്‍ക്കുന്ന ജൂണ്‍മാസത്തില്‍ പാതിനനഞ്ഞാണ്‌ ആദ്യം നന്ദിതടീച്ചര്‍ ക്ലാസ്സിലെത്തിയത്‌. ഇംഗ്ലീഷ്‌ അധ്യാപികയുടെ ശാലീതയില്‍ മതിമറന്ന്‌ കുറേനേരം. മുഖം നിറയെ ഗൗരവഭാവം. ആരെയും പരിചയപ്പെടാതെ, ആരെയും പേര്‍ വിളിക്കാതെ പാഠഭാഗങ്ങള്‍ മാത്രമെടുത്ത്‌ അഞ്ചുമിനിറ്റ്‌ നേരത്തെ അവര്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ മടങ്ങും. ഗതി മുറിയാതെ വീശുന്ന പിശടന്‍കാറ്റ്‌ അപ്പോഴും അവര്‍ക്ക്‌ അകമ്പടിയായുണ്ടാവും...
മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ഒരു വര്‍ഷകാലത്തിലാണ്‌ അവരുടെ മരണവാര്‍ത്തയറിയുന്നത്‌. മഴ കോരി ചൊരിയുന്ന ആ പകലില്‍ എവിടെയോ നിഴലായി അവര്‍ നടക്കുന്നത്‌ കണ്ടു. കലോത്സവവേദിയില്‍ ``ഫസ്റ്റ്‌ പ്രൈസ്‌ ഈസ്‌ ഗോസ്‌ ടു...''പച്ച സാരി ധരിച്ച ഒരു അനൗണ്‍സറുടെ നേര്‍ത്ത ശബ്‌ദം കേട്ടു. ഈറന്‍ വയലറ്റ്‌ പൂക്കള്‍ മാത്രം പൂത്തുനിന്നിരുന്ന കോളജിലെ ചെറിയ പൂന്തോട്ടത്തില്‍ പൊഴിഞ്ഞുകിടന്നിരുന്ന ഇതളുകളില്‍ മഴ മരണത്തിന്റെ ചിത്രം വരയ്‌ക്കുന്നത്‌ കണ്ടു...

മരണശേഷം ഡയറിത്താളുകളില്‍ കുറിച്ചിട്ട കവിതകള്‍ കണ്ടെടുത്ത്‌ പ്രസിദ്ധീകരിച്ചപ്പോഴാണ്‌ നന്ദിതയെന്ന അധ്യാപികയുടെ സര്‍ഗ്ഗാത്മകശക്തി നാമറിയുന്നത്‌. ആരെയും അത്ഭുതപ്പെടുത്തും വിധം വാക്കുകള്‍ അടുക്കിവെച്ചവര്‍ മരണത്തെയും ആത്മനൊമ്പരങ്ങളെയും പ്രതീക്ഷകളെയും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. 1985ലാണ്‌ ആദ്യകവിത കുറിച്ചിട്ടിരിക്കുന്നത്‌. പ്രഷുബ്‌ധവും ഭാവതീവ്രമായിരുന്നു ആ കവിത. കാറ്റ്‌ ആഞ്ഞടിക്കുന്നുവെന്നും കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നുവെന്നും ഞാന്‍ ആളിപ്പടരുന്നുവെന്നും വിവരിക്കുന്ന ആ വരികള്‍ മനസ്സിന്റെ പകര്‍ത്തെഴുത്താണെന്ന്‌ തോന്നും. 1986ല്‍ എഴുതിയിട്ട രണ്ടു കവിതകളും വിഭിന്നമല്ല. സ്വപ്‌നങ്ങളിലെ ഓളങ്ങളെ തകര്‍ത്ത്‌ നഷ്‌ടങ്ങളും വ്യാകുലതകളും ഇഴ ചേര്‍ന്ന്‌ മുന്നേറുന്ന ഒരു നൗക കാണാം വരികളില്‍. കത്തിജ്വലിക്കുന്ന തീവ്രതയില്‍, എഴുതിയിട്ട പ്രതലം പോലും ഭസ്‌മമാകും വിധം തീവ്രം..
"നീ ചിരിക്കുന്നു
നിനക്ക്‌ കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്‌.
നിനക്ക്‌ ഭൂമിയാണ്‌ മാതാവ്‌
നിന്നെ കരള്‍ നൊന്തുവിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്‌.
പിതാവിനെ തേടി,
മാതാവിനെ ഉപേക്ഷിച്ച്‌...
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.''

സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെ പാളത്തിലൂടെയാണ്‌ നീ സഞ്ചരിക്കുന്നത്‌. പക്ഷേ എന്നിട്ടും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ സ്‌നേഹിക്കപ്പെടാന്‍ പോകുന്നു എന്ന കാരണത്താല്‍ തന്നെ എന്നോട്‌ പൊറുക്കുക. കവിതയുടെ സഞ്ചാരപഥങ്ങള്‍ എല്ലാവിധ ബിംബങ്ങളെയും തരണം ചെയ്‌തുമുന്നേറുമ്പോഴും അസൗന്ദര്യത്തിന്റെ നേരിയ കണിക പോലും ആസ്വാദകന്‌ മേല്‍ ഏല്‍ക്കുന്നില്ല. ഇങ്ങനെ തന്നെയാണ്‌ നന്ദിത ഡയറിയില്‍ ആരുമറിയാതെ സൂക്ഷിച്ച ഓരോ കവിതകളും. പ്രതീക്ഷകളില്‍ നിന്ന്‌ മരണത്തിലേക്കും മരണത്തില്‍ നിന്ന്‌ ശുഭപ്രതീക്ഷകളിലേക്കും തെന്നിമാറുന്ന കവിതകളാണ്‌ മിക്കതും...ഒന്നും സ്ഥായിയായി നിലനില്‍ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കുന്നു.
"എന്നെ അറിയാത്ത
എന്നെ കാണാത്ത
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്‌നമേ...
എന്റെ മുഖത്ത്‌ തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത്‌ എന്റെ ഹൃദയത്തിലാണ്‌;
ആഴമേറിയ രണ്ട്‌ ഗര്‍ത്തങ്ങള്‍ സൃഷിടിച്ച്‌...''

1987ല്‍ എഴുതിയ കവിതയും നൈരാശ്യത്തിന്റെ മേല്‍പ്പാലത്തിലൂടെ തന്നെയാണ്‌ സഞ്ചരിക്കുന്നത്‌. അസ്വസ്ഥമാക്കപ്പെടുന്ന ജന്മദിനവുമായി 1988ല്‍ എഴുതിയ കവിതയും നൊമ്പരത്തിന്റെ ചാലുകളിലൂടെയാണ്‌ ഒഴുകിനീങ്ങുന്നത്‌. കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടക്ക്‌ ഞാന്‍ തിരഞ്ഞത്‌ നിന്റെ തൂലികക്ക്‌ വേണ്ടിയായിരുന്നു എന്ന്‌ ഓര്‍മ്മപ്പെടുത്തുന്നു. നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക പഴയപുസ്‌തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഞാന്‍ കണ്ടെടുക്കുമ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നുവെന്നും കവിയത്രി വ്യാകുലപ്പെടുന്നു...1989ല്‍ എഴുതിയ തടവുകാരി എന്ന കവിത ആരെയും അത്ഭുതപ്പെടുത്തുംവിധം ഭാവനാസമ്പന്നമാണ്‌.
"നെറ്റിയില്‍ നിന്നും നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴികളില്‍
എന്റെ നഷ്‌ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരെയും കൂസാതെ നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത്‌ ഞാനറിഞ്ഞു.
നിന്റെ സ്വപ്‌നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്‌ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണുനീരുറയുന്നതും
നിന്റെ നിര്‍വ്വികാരികതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടുകൂടി തന്നെയായിരുന്നു.
എനിക്ക്‌ രക്ഷപ്പെടണമെന്നുണ്ടായിരുന്നു.
പക്ഷേ...
ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ...''
ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ത്തെഴുത്തായിരുന്നു നന്ദിതയുടെ കവിത. അതാണ്‌ ആരും മോഹിക്കും വിധം അനിര്‍വ്വചനീയമായ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ച്‌ അവള്‍ കവിതക്ക്‌ ജീവപ്രാണന്‍ നല്‍കിയത്‌. കവിതയെന്ന നിര്‍വ്വചനം ഇവിടെ പാടെ തകരുന്ന കാഴ്‌ച കാണാം. ഗദ്യത്തിന്റെ ചട്ടക്കൂടില്‍ ഭദ്രമായ ഒരവസ്ഥ സൃഷ്‌ടിക്കാന്‍ വരികള്‍ തയ്യാറാകുന്നതും ഇങ്ങനെ തന്നെയാണ്‌.
"നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന്‌ അടര്‍ന്നുവീണത്‌
ഒരു തുള്ളി രക്തം മാത്രം
നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്‌,
നിന്നെ മറക്കാതിരിക്കാന്‍
എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.
എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍
നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.
നിന്റെ സത്യം മങ്ങാതിരിക്കാന്‍
കടുത്ത വെയിലിന്റെ ഓരോ തുള്ളിയും
ഞാനൊപ്പിയെടുക്കുന്നു
ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്‌
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്‌തു വീഴ്‌ത്തുന്നു.
ഇതെന്റെ സന്ന്യാസം.''

കവിതകള്‍ ഓരോന്നും ഇങ്ങനെ വ്യത്യസ്‌തമായ രീതിയിലാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ കൂടി അര്‍ത്ഥതലങ്ങളെല്ലാം ഒന്ന്‌ തന്നെയാണ്‌. കടുത്ത നൊമ്പരങ്ങളുടെ ഏണിപ്പടികളിലൂടെയാണ്‌ ഓരോ കവിതകളും യാത്രയാവുന്നത്‌. എന്തിരുന്നാലും പഴയ കലാലയത്തിന്റെ പടവുകളില്‍ ഇന്നും നന്ദിതയെന്ന കവിയത്രിയും അവരെ കുറിച്ചുള്ള ഓര്‍മ്മകളും മായാത്ത പാതയിലൂടെ യാത്ര തുടരുന്നു.

Thursday, 11 August 2011

നന്ദിത-മരണത്തിന്റെ ഈറൻ വയലറ്റ് പൂക്കൾ തേടിപോയ പ്രണയിനി

പ്രണയവും വിരഹവും, ശക്തമായ കാവ്യഭാഷയുടെ പട്ടുനൂലിനാൽ ബന്ധിച്ച് സ്വന്തം ഡയറിതാളുകളിൽ കുത്തികുറിച്ചുവച്ച് പ്രണയത്തിനു വേണ്ടി മരണത്തിന്റെ ഈറൻ വൈലറ്റ് പൂക്കൾ തേടിപോയ നന്ദിത. ഉള്ളിൽ ആളികത്തുന്ന പ്രതികാരവും നഷ്ടപ്പെടുത്താൻ കഴിയാത്ത ഭ്രാന്തമായ പ്രണയവും ഒടുവിൽ കൊണ്ടെത്തിച്ചത് ഗൂഡമായ അഖാഡകളിൽ നിന്ന് ഇറങ്ങിവരുന്ന തണുത്തുറഞ്ഞ മഞ്ഞുമാസങ്ങളുടേയും വർഷങ്ങളുടേയും കണക്കെടുക്കാ മരണത്തിന്റെ മാസ്മരികമായ അനന്തതയിലേക്ക്. പ്രണയം വിരഹം വിഷാദം പ്രതികാരം-ഈ നാലുവികാരങ്ങളുടെ പ്രക്ഷുബ്ദമായ ഇരുണ്ട നിലവറകൾക്കുള്ളിലേക്ക് മാത്രമായ് നന്ദിത എന്നാണ് ചുഴറ്റി എറിയപ്പെട്ടത്? ചികഞ്ഞു നോക്കുമ്പോൾ നന്ദിതയുടെ കഥതുടങ്ങുന്നത് കലാലയ ജീവിതത്തോടുകൂടിയാണ്‌. കേരളത്തിലെ മറ്റേതു ശരാശരി പെൺകുട്ടികളേയുമ്പോലെ സാധാരണമായിരുന്നു നന്ദിതയുടെ ബാല്യവും കൗമാരവും. പ്രീഡിഗ്രി (പ്ളസ്-ടു)കാലയളവിൽ നിറമുള്ള കലാലയ ജീവിതം ആസ്വദിച്ച നന്ദിത ബിരുദത്തിനു ചേർന്നതോടുകൂടി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് സ്വയം തീർത്ത മൗനത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ടുതുടങ്ങി. ഹോസ്റ്റൽ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് നന്ദിത തന്റെതായ പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഗോപ്യമായ ഒരു ലോകം തീർത്തെടുക്കാൻ തുടങ്ങി. അവിടെ തുടങ്ങുന്നു യഥാർത്ഥ നന്ദിതയുടെ കഥ.

കോഴിക്കോട് ഫറൂക്ക് കോളജിന്റെ ഹോസ്റ്റസ്റ്റൽറൂമിലിരുന്ന് പ്രണയത്തിന്റെ മേച്ചില്പുറങ്ങൾ തേടുമ്പോൾ, ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (Bipolar Affective Disorder or Manic-Depression) എന്ന മാനസികരോഗത്തിലേക്ക് താൻ വഴുതി വീഴുകയാണന്ന് നന്ദിതപോലും അറിഞ്ഞിരുന്നില്ല. ഒരുപക്ഷേ കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസറായ ഡോ. കെ. ബൈജു തന്റെ ലേഖനത്തില്‍ നന്ദിതയുടെ മാനസികാവസ്ഥാന്തരങ്ങളെകുറിച്ച് വെളിപ്പെടുത്തുംവരെ നന്ദിതയുടെ സുഹ്യത്തുക്കളോ ബന്ധുക്കളോപോലും അത് മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറി മനസ്സിനെ കീഴ്പ്പെടുത്തുന്ന സങ്കീർണ്ണമായ ഈ അവസ്ഥ ആരിലും മാനസികരോഗമന്ന ഒരു ചിന്തയെ ജനിപ്പിക്കില്ല. അതുതന്നയാണ്‌ ഈ അവസ്ഥയുടെ ഭീകരതയും. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരമായ കാര്യങ്ങൾ പോലും എഴുതി നിറക്കുകയും, എന്ത് സാഹസിക പ്രവർത്തിയും ചെയ്യാനുള്ള ധൈര്യവും തന്റേടവുമുള്ള ഉന്മാദ അവസ്ഥയും, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ആരോടും സംസാരിക്കാതെ മൗനത്തിന്റെ അഗാധതയിലേക്ക് ചേക്കേറുന്ന വിഷാദാവസ്ഥയും ഇവരില്‍ കാണുന്ന സവിശേഷതയാണ്. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും കടുത്തപക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കുകയോ അപമാനപ്പെടുത്തുകയോ അല്ലങ്കിൽ സ്വയം ശിക്ഷിച്ച് പ്രതികാരത്തിന്റെ ഉൾത്തടങ്ങളിലൂടെ ഊളിയിട്ട് മരണത്തിന്റെ ഈറൻ വൈലറ്റുപൂക്കൾ തേടിപോകുകയോ ചെയ്യുന്നവരായ് തീരുന്ന വളരെ അപകടകരാമായ ഒരു അവസ്ഥയിലേക്ക് ഇവർ എത്തിപ്പെടുന്നു. ഫറൂക്കിലെ കലാലയജീവിതത്തിനിടയിൽ മൊട്ടിട്ട ജീവിതത്തിലെ ആദ്യ പ്രണയം നഷ്ടപ്പെടുത്തേണ്ടിവന്ന കാലം മുതൽ നന്ദിതയില്‍ ഈ നാല് അവസ്ഥകളും മാറിമാറി വന്നുകൊണ്ടിരുന്നു. രാവെളുക്കോളം ഉറക്കമൊഴിച്ചിരുന്ന് ഒരോന്നു കുത്തിക്കുറിച്ചതും, മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കടിച്ചതും, കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിട്ടതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.

1994-ല്‍ വിവാഹത്തോളമെത്തിയ അന്യമതസ്ഥനുമായുണ്ടായിരുന്ന പ്രണയത്തിന്റെ പേരിൽ അച്ഛനുമായ് വഴക്കിട്ട നന്ദിത ചിരാലിലെ തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് ഭാണ്ഡം മുറുക്കി പോവുകയായിരുന്നു. തന്നെയും തന്റെ പ്രണയത്തെയും അംഗീകരിക്കാത്ത അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു വീടുവിട്ടുള്ള ആ ഇറങ്ങിപോക്കും എല്ലാവരെയും ധിക്കരിച്ചുകൊണ്ട് അതിസാഹസികാമാം വിധത്തിൽ അച്ഛന്റെ കീഴ്‌ജീവനക്കാരന്റെ വിദ്യാഭ്യാസമോ ജോലിയോ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത മകനുമായുള്ള പിന്നീടുണ്ടായ പ്രണയവും വിവാഹവും. പലരും കരുതുമ്പോലെ അജിത്തിനെ കണ്ടുമുട്ടിയ ശേഷം നന്ദിത കവിതകൾ എഴുതിയിരുന്നില്ല എന്നത് തികച്ചും ശരിയല്ല. അജിത്തിന്റെ വീട്ടിലായിരിക്കുമ്പോഴും ഡയറിതാളുകളിൽ ഏകാന്തമായിരുന്ന് ചിലപ്പോൾ വളരെ ശാന്തമായും മറ്റുചിലപ്പോൾ തികച്ചും വന്യമായും നന്ദിത പലതും കുത്തികുറിച്ചിരുന്നു. അജിത്തുമായ് പ്രണയത്തിലായിരുന്ന നാളുകളിൽ ഫറൂക്ക് കോളജിൽ ജോലി നോക്കിയിരുന്ന നന്ദിത
വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ടുഴറുമ്പോഴും ഉറക്കമൊഴിച്ചിരുന്ന് അജിത്തിനെഴുതിയ കവിതകളേക്കാൾ മനോഹരമായ പ്രണയലേഖനങ്ങളിൽ സിംഹഭാഗവും നന്ദിതയുടെ മരണശേഷം അഗ്നിക്കിരയാക്കി. നന്ദിതയുടെ ചില ഡോക്യുമന്റ്സുകളും കവിതകളും പ്രണയലേഖനങ്ങളും മരണശേഷവും ബാങ്ക് ലോക്കറിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അതിനൊക്കെ എന്തു സംഭവിച്ചു എന്ന് അറിയേണ്ടിയിരിക്കുന്നു. നന്ദിതയുടെ മരണശേഷം ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയ അജിത്ത്, പ്രായമായ അമ്മയെ നോക്കാനും വീട് സംരക്ഷിക്കാനും ആരും ഇല്ലാത്ത അനാഥമായ അവസ്ഥയിൽ പലരുടേയും നിർബന്ധങ്ങൾക്ക് വഴങ്ങി അടുത്ത കാലത്ത് വിവാഹിതനായതോടെ വീടിന്റെ തട്ടിൻപുറത്തേക്ക് മാറ്റിയ നന്ദിതയുടെ ശേഷിപ്പുകൾ ചിതലരിക്കുകയോ ചാമ്പലാകുകയോ ചെയ്തിട്ടുണ്ടാകണം. പക്ഷേ അവരുടെ അപൂർവ്വമായ ഫോട്ടോകളും വിവാഹ ആൽബവും ഇന്നും അജിത്തിന്റെ കിടപ്പറയിൽ ഭദ്രമാണ്.

(നന്ദിത ഒരിക്കൽ ഈ വീട്ടിൽ ജീവിച്ചിരുന്നു: ചിത്രം ഡോ. പ്രശാന്ത് ആർ ക്യഷ്ണ)

.

Sunday, 7 November 2010

നരച്ച കണ്ണുകളുള്ള പെൺകുട്ടി

നരച്ച കണ്ണുകളുള്ള പെൺകുട്ടി
സ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്
അവൾ പൂപ്പാത്രമൊരുക്കി.
പൂക്കളടർന്നുണങ്ങിയ തണ്ടിന്‌
വിളർത്ത പൗർണ്ണമിയുടെ നിറം,
അവളുടെ കണ്ണുകൾക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളിൽ
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വർണ്ണ മത്സ്യങ്ങളെ നട്ടുവളർത്തി-
യവൾ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോർമ്മകളിൽ
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോർന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതിൽപ്പാളികൾക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുൽകാൻ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളിൽ
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വർണ്ണ മത്സ്യങ്ങൾ
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവൾക്ക് കൂട്ട്


-1992-

Friday, 5 November 2010

വീണ്ടും മൗനം ബാക്കി

കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,
നിശ്ചലമാകുന്നു

വീണ്ടും മൗനം ബാക്കി

ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ
കണ്ണുനീര്‌ കൊണ്ട് കഴുകി
ചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്‌?
യോഹന്നാന്റെ ശിരസ്സിനുവേണ്ടി ഉറഞ്ഞുതുള്ളുന്നതും
അവളല്ലയോ?
അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്
നേർത്ത തേങ്ങലായ്
കാതുകളിൽ ചിലമ്പുന്നു

കൽക്കിക്കു ശേഷം
ഇനിയാരെന്നറിയാതെ, കാത്തിരിക്കാതെ
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു
നിശബ്ദം, ആരുടേയും ഉറക്കം കെടൂത്താതെ
ഇനി ദൈവ്വപുത്രനെത്തുമെന്നോർത്ത്
സ്വപ്നങ്ങളെ മാടി വിളിക്കുമ്പോഴും
ഞാനുറങ്ങാതെ കാത്തിരിക്കാം.
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ്മയുമായി
വേനലുകളുടേയും വർഷങ്ങളുടേയും കണക്കെടുക്കാതെ
ഇനിയെത്തുന്നത് ദൈവ്വപുത്രനാവുമന്ന് വെറുതെ ആശിച്ച്
ഞാനുറങ്ങാതെ കാത്തിരിക്കാം


-1992-

Wednesday, 3 November 2010


നന്ദിത ഫറൂക്ക് കോളജിൽ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തിൽ തന്റെ സ്വകാര്യ ഡയറിയിൽ കുറിച്ചിട്ട ചില ഭ്രാന്തൻ വരികൾ

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു


-1988-

Saturday, 7 November 2009

പ്രണയത്തെ പ്രണയിച്ച പ്രണയം-അജിത്

തണുത്തുറഞ്ഞ താഴ്വാരം തേടിപോയ നീ
കൊണ്ടുപോയത് എന്റെ ജീവിതമാണ്
കരിന്തിരി കത്തുന്ന നെയ്‌വിളക്കിലെ നാളം
എന്റെ ആത്മാവിനെ ചുട്ടു പൊള്ളിക്കുന്നു

ജീവിതം നീ എടുത്തുപോയപ്പോള്‍
എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്‌
മ്യതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി
ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം